phot
തെന്മല പഞ്ചായത്തിലെ വാലുപറമ്പറിൽ നട വഴി അടച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം ഗാനരാജിൻെറ നേതൃത്വത്തിൽ താമസക്കാർ കൊല്ലം-തിരുമംഗലം ദേശിയ പാത ഉപരോധിക്കുന്നു.

പുനലൂർ: തെന്മല പഞ്ചായത്തിലെ വാലുപറമ്പിൽ നവീകരിച്ച നട വഴി അടച്ച സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൊല്ലം-തിരുമംഗലം ദേശീയ പാത ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 5.15 ഓടെ ദേശീയ പാതയിലെ കഴുതുരുട്ടി ചുടുകട്ട പാലത്തിന് സമീപത്തായിരുന്നു പഞ്ചായത്തംഗം നാഗരാജന്റെ നേതൃത്വത്തിൽ നാട്ടുകാർ അര മണിക്കൂറോളം ഉപരോധ സമരം സംഘടിപ്പിച്ചത് .തുടർന്ന് തെന്മല പൊലീസെത്തി സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് നട വഴി തുറന്ന് നൽകാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.

35ഓളം കുടുംബങ്ങൾ ദുരിതത്തിൽ

പഞ്ചായത്തിലെ മൂന്നാം വാർഡിലെ വാലുപറമ്പിൽ വാഹനങ്ങളെത്താൻ സൗകര്യമില്ലാത്തത് കാരണം 35ഓളം കുടുംബങ്ങൾ വർഷങ്ങളായി ദുരിതത്തിലാണ്. ഇത് കാരണം 20 കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിൽ വാടകയ്ക്ക് താമസം മാറ്റി. എന്നാൽ പഞ്ചായത്ത് അംഗം നാട്ടുകാരുടെ സഹകരണത്തോടെ നട വഴി വെട്ടി റോഡാക്കി മാറ്റി. തുടർന്ന് സംഭവം അറിഞ്ഞെത്തിയ തോട്ടം മാനേജ് മെന്റും താമസക്കാരും തമ്മിൽ വാക്കേറ്റമായി. സ്ഥലത്തിയ പൊലീസിനോട് നട വഴിയല്ലാതെ റോഡ് നൽകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെ നട വഴിയുൾപ്പെടെ മുള്ളുവേലി സ്ഥാപിച്ചതിനെ തുടർന്നാണ് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ താമസക്കാർ ദേശീയ പാതയിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്.

21ന് കളക്ടർ സ്ഥലം സന്ദർശിക്കും

വാല്പറമ്പ് പട്ടയ ഭൂമിയിലെ താമസക്കാർ നെടുംമ്പാറ വഴിയാണ് ദേശീയ പാതയിലെ കഴുതുരുട്ടിയിൽ എത്തേണ്ടത്. ചുടുകട്ട പാലത്തിന് സമീപത്തെ റെയിൽവേ പുറമ്പോക്ക് വഴി വനത്തിലൂടെ കുത്തു കയറ്റം കയറിയാണ് താമസക്കാർ വാല്പറമ്പിലെ വീട്ടിൽ കാൽ നടയായി എത്തിക്കൊണ്ടിരുന്നത്. നാല് മാസം മുമ്പ് തെന്മലയിൽ എത്തിയ ജില്ലകളക്ടർ അഫ്സാന പർവീണിനോട് താമസക്കാരുടെ ബുദ്ധിമുട്ടുകൾ പഞ്ചായത്ത് അംഗം അറിയിച്ചിരുന്നു. പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും നടപടികൾ നീണ്ട് പോയി. 21ന് കളക്ടർ സ്ഥലം സന്ദർശിക്കുമെന്ന് പഞ്ചായത്ത് അംഗം അറിയിച്ചു.