
കൊല്ലം: കള്ളനോട്ട് കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ പ്രതിക്ക് 5 വർഷം വീതം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
തഴുത്തല വില്ലേജിൽ വടക്കേ മൈലക്കാട് നെടുവിള കായൽ വാരം വീട്ടിൽ കെറ്റി എന്നുവിളിക്കുന്ന ആന്റണിയെയാണ് (71) കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി. മായാദേവി ശിക്ഷിച്ചത്.
കൊട്ടിയം മാർക്കറ്റ് കവാടത്തിൽ 100 രൂപയുടെ 48 വ്യാജ നോട്ടുകൾ കൈവശം വയ്ക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി.
പ്രതിയുടെ വീട്ടിൽ നിന്ന് നോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് മെഷീനും മറ്റ് ഉപകരണങ്ങളും കൊട്ടിയം പൊലീസ് കണ്ടെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി. അന്നത്തെ ഡിക്ടറ്റീവ് ഇൻസ്പെക്ടറായ എം.കെ.മനോജ് കബീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ സഹായിയായി ക്രൈം ബ്രാഞ്ച് സി.പി.ഒ. കെ.എസ്.ഹരീഷ് കുമാറും ഉണ്ടായിരുന്നു.