pipe-1
കരീപ്ര പഞ്ചായത്തിന് സമീപം കലുങ്കിനടിയിലൂടെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു

എഴുകോൺ : കരീപ്രയിൽ പൈപ്പ് പൊട്ടൽ വ്യാപകം. എന്നാൽ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൽച്ചിറ പദ്ധതിയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന കുഴലുകളാണ് വ്യാപകമായി തകർന്നത്. കരീപ്ര യിൽ നിന്ന് നെടുമൺ കാവിലേക്ക് പോകുന്ന ശിവഗിരി പാതയുടെ ഓരത്ത് മാത്രം അഞ്ചിലധികം സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്.

  1. പഞ്ചായത്ത് ഓഫീസിന് സമീപം കലുങ്കിനടിയിലൂടെ വെള്ളം പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് നാളുകളായി.
  2. വാക്കനാട് ട്രാൻസ്ഫോമറിന് സമീപത്തും ദിവസങ്ങൾക്ക് മുൻപ് അറ്റകുറ്റ പണി നടത്തിയ ഭാഗം വീണ്ടും തകരാറിലായിട്ടുണ്ട്.
  3. മുളവൂർക്കോണത്തേക്കുള്ള പൈപ്പ് ലൈൻ കണക്ട് ചെയ്യുന്നിടത്താണ് വെള്ളം ചോർന്നൊഴുകുന്നത്.
  4. കരീപ്ര കരീപ്ര കശുവണ്ടി ഫാക്ടറിക്ക് സമീപം റോഡിന്റെ മദ്ധ്യഭാഗത്ത് കൂടിയാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇതിന് തൊട്ടടുത്ത് തന്നെ ഏറെ നാളായി പൈപ്പ് പൊട്ടിക്കിടക്കുന്ന ഭാഗവും കാണാം. റോഡിനോട് ചേർന്നുണ്ടായ ഗർത്തത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്ത്

ഇടയ്ക്കിടം, ഇലയം, പ്ലാക്കോട് തുടങ്ങിയ ഉൾഗ്രാമങ്ങളിലും പൈപ്പ് പൊട്ടലിൽ കുടിവെള്ളം നഷ്ടമാകുന്നുണ്ട്.
വലിയ തോതിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്താണ് കരീപ്ര . പൈപ്പുകളുടെ കാലപ്പഴക്കമാണ് ഇപ്പോഴത്തെ ദയനീയാവസ്ഥയ്ക്ക് കാരണം. പ്രധാന കുഴലിൽ ഇടവിട്ട് ഒന്നിലേറെ ഭാഗങ്ങളിൽ ചോർച്ചയുള്ളത് ജല വിതരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.