
കൊല്ലം: രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ഭരിക്കുന്നവർ ശ്രമിക്കുമ്പോൾ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് മതേതര - ജനാധിപത്യ കക്ഷികൾ ഊന്നൽ നൽകേണ്ടതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ്‌ബാബു പറഞ്ഞു.
സി.പി.ഐ ജില്ലാ കൗൺസിൽ ജില്ലാ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പി.കെ.വി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയും നിയമങ്ങളും മനസിലാക്കിവേണം ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത്. ഭരണഘടനയെ ലംഘിക്കുന്നവർ രാജ്യം ഭരിക്കുന്ന പശ്ചാത്തലത്തിൽ ഇത് വളരെ പ്രാധാന്യമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ സ്വാധീനം കൂട്ടാൻ ജനാധിപത്യ മതേതര സങ്കല്പങ്ങളെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ലോക്‌സഭയിലുള്ളതുപോലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം രാജ്യസഭയിലും ലഭിച്ചാൽ ഹിന്ദുരാഷ്ട്രമെന്ന വിവക്ഷയിൽ ഭരണഘടനയെ മാറ്റിമറിക്കാനാണ് ശ്രമം. ഇന്ത്യയുടെ മതേതരത്വവും വൈവിദ്ധ്യവും ഇല്ലാതായാൽ മനുഷ്യർ തമ്മിൽതല്ലുന്ന അവസ്ഥയുണ്ടാകും.
ഭരണഘടനയുടെ അടിസ്ഥാന സവിശേഷത ചില നിയമങ്ങൾ പാർലമെന്റിന് പോലും മാറ്റിമറിക്കാനാവില്ലെന്നതാണ്. ഇവ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മന്ത്രിമാരെ മറികടന്ന് ചില വിരമിച്ച ഉദ്യോഗസ്ഥർ പോലും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് സാധാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിരമിച്ച ഒരു ജയിൽ ഡി.ജി.പി നടത്തിയ അഭിപ്രായപ്രകടനം ഈ വിധത്തിലുള്ളതാണ്.
കോടതിയുടെ പരിഗണനയിലുള്ള കേസിൽ ആരോപണ വിധേയനായ ഒരാൾ നിരപരാധിയെന്ന് പറയാൻ പാടില്ല. പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളേ ഉദ്യോഗസ്ഥർ നടത്താവൂവെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ. ജി.ലാലു അദ്ധ്യക്ഷനായി. കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ.രാജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. ആർ. വിജയകുമാർ, അഡ്വ. എസ്. വേണുഗോപാൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു എന്നിവർ സംസാരിച്ചു.