കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ മാർക്കറ്റിന്റെ നടത്തിപ്പ് ലേലത്തിലൂടെ ഏറ്റെടുത്തയാളെ തുരത്താൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം ശ്രമിക്കുന്നതായി പരാതി.

ചന്തയുടെ നടത്തിപ്പിന് പുറമേ ഇവിടെ വർഷങ്ങളായി ചിക്കൻ സ്റ്റാൾ നടത്തുന്ന മുണ്ടയ്ക്കൽ കൈലാസ് ഭവനിൽ മധുസൂദനൻ ആണ് തന്റെ കോഴിക്കൂട് മോഷ്ടിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ തങ്ങളുടെ കൃത്യനിർവഹണത്തെ കരാറുകാരൻ തടയുകയായിരുന്നു എന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

മധുസൂദനൻ പറയുന്നത്: തന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബി, ഓട്ടമി​ല്ലാത്തതി​നാൽ ഒരാഴ്ച മുമ്പ് ചന്തയുടെ എതിർവശത്ത് കൊണ്ടിട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ജെ.സി.ബിയുടെ പിക്കപ്പ് കോയിലുകൾ മോഷണം പോയി. അതി​നാൽ സ്ഥലത്ത് നിന്നു മാറ്റാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടെ ചൊവ്വാഴ്ച കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ജെ.സി.ബി എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോഷണം പോയ ഭാഗങ്ങൾ ഘടിപ്പിക്കാതെ നീക്കാനാവില്ലെന്നും ബുധനാഴ്ച രാവിലെ മാറ്റാമെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥർ ക്ഷുഭിതരായി.

വാഹനം ഉടൻ മാറ്റണമെന്നും കോഴി സ്റ്രാളിന്റെ ലൈസൻസും ചന്ത നടത്തിപ്പിന്റെ കരാറും റദ്ദാക്കി പിഴ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ചന്തയ്ക്കുള്ളിലേക്ക് കടന്ന ഉദ്യോഗസ്ഥർ അവിടെ ചക്ക കച്ചവടം പാടില്ലെന്ന വിചിത്രമായ നിർദ്ദേശവും നൽകി. ഇതോടെ വിശദ വിവരങ്ങൾ സഹിതം ഡെപ്യൂട്ടി മേയർക്ക് പരാതി നൽകി. ഇതി​ന്റെ വൈരാഗ്യത്തിൽ ഇന്നലെ രാവിലെ ആറ് മണിയോടെ ആരോഗ്യവിഭാഗം ജീവനക്കാരെത്തി കോഴി സ്റ്റാളിൽ കോഴികളെ ഇടാൻ ഉപയോഗിക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള രണ്ട് കൂടുകളും ചക്കകളും എടുത്തുകൊണ്ടുപോയി. രാവിലെ കട തുറക്കാൻ എത്തും മുമ്പേ ആയിരുന്നു ഉദ്യോഗസ്ഥരുടെ പരാക്രമം. മുൻകൂട്ടി നോട്ടീസ് നൽകിയില്ലെന്നതിന് പുറമേ പിടിച്ചെടുത്ത സാധനങ്ങൾ എന്തൊക്കെയെന്ന് ബോദ്ധ്യപ്പെടുത്തിയതുമില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ ഇനി കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നും 10,000 രൂപ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും മധുസൂദനന്റെ പരാതിയിൽ പറയുന്നു.


 റോഡിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി: ഉദ്യോഗസ്ഥർ

തുമ്പറ മാർക്കറ്റിലെ ഫീസ് പിരിവ് ലേലം പിടിച്ച മധുസൂദനൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പരാതി. ജെ.സി.ബി തട്ടി കഴിഞ്ഞ ദിവസം ഷെഡിന്റെ പൈപ്പ് തൂണുകൾക്ക് നാശം സംഭവിച്ചിരുന്നു. ഇതു സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിക്കാൻ മാർക്കറ്റിൽ എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ, അഴുകിയ ചക്ക സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ കളയാൻ വച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. പൊതുജനങ്ങൾക്ക് അസൗകര്യവും അസഹ്യതയും ഉണ്ടാക്കും വിധം വഴിവക്കിൽ ഏതാനും കോഴികളെ സൂക്ഷിക്കാൻ ഒരു കോഴിക്കൂട് അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്നും പരാതി ഉണ്ടായിരുന്നു. അഴുകിയ ചക്കകളും അനധികൃതമായി സ്ഥാപിച്ച കോഴിക്കൂടും നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചപ്പോൾ ജീവനക്കാർക്ക് നേരെ കരാറുകാരൻ തട്ടിക്കയറി. കോർപ്പറേഷൻ വക ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ മധുസൂദനൻ അദ്ദേഹത്തിന്റെ ജെ.സി.ബി അനധികൃതമായി പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് കോംപ്ലക്സിലെ കടക്കാർ മേയറോട് പരാതിപ്പെട്ടിരുന്നു. വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല. കോഴിക്കൂടും അഴുകിയ ചക്കയും ജെ.സി.ബിയും നീക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അനുസരിക്കാൻ കരാറുകാരൻ കൂട്ടാക്കിയില്ല. ഇതോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. പിന്നീട് തങ്ങൾ സഞ്ചരിച്ച വാഹനം കോളേജ് ജംഗ്ഷന് സമീപം തടഞ്ഞ് നിറുത്തി മധുസൂദനൻ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത് സംബന്ധിച്ച് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.