കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ മാർക്കറ്റിന്റെ നടത്തിപ്പ് ലേലത്തിലൂടെ ഏറ്റെടുത്തയാളെ തുരത്താൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം ശ്രമിക്കുന്നതായി പരാതി. ചന്തയുടെ നടത്തിപ്പിന് പുറമേ ഇവിടെ വർഷങ്ങളായി ചിക്കൻ സ്റ്റാളും നടത്തുന്ന മുണ്ടയ്ക്കൽ കൈലാസ് ഭവനിൽ മധുസൂദനൻ ആണ് തന്റെ കോഴിക്കൂട് മോഷ്ടിച്ചു എന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവങ്ങളെക്കുറിച്ച് മധുസൂദനൻ പറയുന്നത്: തന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബി, ഓട്ടമില്ലാത്തതിനാൽ ഒരാഴ്ച മുൻപ് ചന്തയുടെ എതിർവശത്ത് കൊണ്ടിട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ജെ.സി.ബിയുടെ പിക്കപ്പ് കോയിലുകൾ മോഷണം പോയി. അതിനാൽ സ്ഥലത്ത് നിന്നു മാറ്റാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടെ ചൊവ്വാഴ്ച നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ജെ.സി.ബി എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോഷണം പോയ ഭാഗങ്ങൾ ഘടിപ്പിക്കാതെ നീക്കാനാവില്ലെന്നും ബുധനാഴ്ച രാവിലെ മാറ്റാമെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥർ ക്ഷുഭിതരായി. വാഹനം ഉടൻ മാറ്റണമെന്നും കോഴി സ്റ്രാളിന്റെ ലൈസൻസും ചന്ത നടത്തിപ്പിന്റെ കരാറും റദ്ദാക്കി പിഴ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ചന്തയ്ക്കുള്ളിലേക്ക് കടന്ന ഉദ്യോഗസ്ഥർ അവിടെ ചക്ക കച്ചവടം പാടില്ലെന്ന വിചിത്രമായ നിർദ്ദേശവും നൽകി. ഇതോടെ മധുസൂദൻ വിശദവിവരങ്ങൾ സഹിതം ഡെപ്യൂട്ടി മേയർക്ക് പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാവിലെ ആറ് മണിയോടെ ആരോഗ്യവിഭാഗം ജീവനക്കാരെത്തി കോഴി സ്റ്റാളിൽ കോഴികളെ ഇടാൻ ഉപയോഗിക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള രണ്ട് കൂടുകളും ചക്കകളും എടുത്തുകൊണ്ടുപോയി. മധുസൂദനൻ രാവിലെ കട തുറക്കാൻ എത്തും മുൻപേ ആയിരുന്നു ഉദ്യോഗസ്ഥരുടെ പരാക്രമം. മുൻകൂട്ടി നോട്ടീസ് നൽകിയില്ലെന്നതിന് പുറമേ പിടിച്ചെടുത്ത സാധനങ്ങൾ എന്തൊക്കെയെന്ന് ഉടമയെ ബോദ്ധ്യപ്പെടുത്തിയതുമില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ ഇനി കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നും 10,000 രൂപ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും മധുസൂദനന്റെ പരാതിയിൽ പറയുന്നു.