ശാസ്താംകോട്ട: സി.പി.ഐ കുന്നത്തൂർ മണ്ഡലം സമ്മേളനത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്താംകോട്ട ജമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം 18 ന് അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന പരിസ്ഥിതി സെമിനാറിൽ സംസ്ഥാന ദുരന്ത നിവാരണ സെന്റർ മുൻ മേധാവി ഡോ.കെ.ജി.താര വിഷയം അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മോഡറേറ്ററാകും. കൃഷ്ണ ലേഖ സ്വാഗതവും ഐ. നൗഷാദ് നന്ദിയും പറയും. 15 ന് പതാക, ബാനർ, കൊടിമര ജാഥകൾ പ്രയാണം ആരംഭിക്കും. പി. ഗംഗാധരൻ പിള്ളയുടെ സ്മൃതികുടീരത്തിൽ നിന്ന് പതാക ജാഥയും ആർ.മധുവിന്റെ സ്മൃതി കൂടീരത്തിൽ നിന്ന് ബാനർ ജാഥയും എം.ജി ചെറുകാടിന്റെ സ്മൃതി കൂടീരത്തിൽ നിന്ന് കൊടിമര ജാഥയും സമ്മേളന നഗരിയിൽ എത്തിച്ചേരും. 16 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 9 ലോക്കൽ സമ്മേളങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ പങ്കെടുക്കും. പ്രൊഫ.കെ.വി. ശാരദാമണി പതാക ഉയർത്തും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സി .ജി.ഗോപൂ കൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കും. ബിനോയ് വിശ്വം എം.പി, ആർ.രാമചന്ദ്രൻ, അഡ്വ .ജി. ലാലു, കെ. ശിവശങ്കരൻ നായർ , ആർ.വിജയകുമാർ , എ.മൻമഥൻ നായർ, ആർ.എസ്. അനിൽ, ബി.വിജയമ്മ എന്നിവർ സംസാരിക്കും. വാ‌ർത്താ സമ്മേളനത്തിൽ കെ. ശിവശങ്കരൻ നായർ, ബി.വിജയമ്മ, സംഘാടക സമിതി ചെയർ പേഴ്സൺ കൃഷ്ണലേഖ, സുരേഷ് കുമാർ, മുരളീധരൻ പിള്ള , ഐ.നൗഷാദ്, വി.ആർ.രാജൻ എന്നിവർ പങ്കെടുത്തു.