cow
കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു

ചാത്തന്നൂർ: കക്കൂസ് കുഴിയിൽ വീണ ഗർഭിണി പശുവിന് നാട്ടുകാരും ഫയർഫോഴ്സും രക്ഷകരായി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കാരംകോട് സുനിത നിവാസിൽ രാജന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കക്കൂസ്‌ കുഴിയിൽ വീണ പശുവിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയത്.

കാരംകോട് ലക്ഷംവീട് കോളനിക്ക് സമീപം സുദർശന ബാബുവിന്റെ പശുവാണ് കുഴിയിൽ വീണത്. നിലവിളി കേട്ട് ഓടിയെത്തിയവർ സുദർശന ബാബുവിനെയും പരവൂർ ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പശുവിനെ പുറത്തെടുത്തു. അവശനിലയിലായ പശുവിനെ വെറ്ററിനറി ഡോ. ശ്യാംസുന്ദർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥനായ ബിജു എന്നിവർ പരിശോധിച്ചു ശുശ്രൂഷ നൽകി.