കൊല്ലം: കുണ്ടറ നാന്തിരിക്കൽ പള്ളി- മൃഗാശുപത്രി റോഡ് നവീകരണം അനന്തമായി നീളുന്നത് നാടിനെ വലയ്ക്കുന്നു. 2020ൽ ആയിരുന്നു നിർമ്മാണത്തുടക്കം. അവസാന ഘട്ടമായ ടാറിംഗിൽ വരെ എത്തിയിട്ടും പൂർത്തിയാക്കാനാവുന്നില്ല.
കഴിഞ്ഞ ജനുവരി 8നാണ് ജോലികൾ അവസാനിപ്പിച്ചത്. മഴയെ ആണ് അധികൃതർ പഴിക്കുന്നത്. 5 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് 7 മീറ്ററായി വികസിപ്പിച്ച് ബി.എം ആൻഡ് ബി.സി ടാറിംഗായിരുന്നു പദ്ധതി. ആവശ്യാനുസരണം സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് റോഡിന് വീതി കൂട്ടലായിരുന്നു ആദ്യഘട്ടം. നിലവിലുണ്ടായിരുന്ന ടാറും മെറ്റലും ഇളക്കി ബി.എം ജോലികൾ വരെ നടത്തി. ബാക്കിയുള്ളവയാണ് മഴയിൽ മുടങ്ങിയത്.
പുനർ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ ഇതുവഴിയുളള യാത്ര ദുഷ്കരമായിരുന്നു. റോഡിൽ വിരിച്ച മെറ്റൽ ഇളകിയതോടെ യാത്രക്കാർ പിന്നെയും വലഞ്ഞു. അപകടങ്ങളും വർദ്ധിച്ചു. കൊല്ലം- തേനി ദേശീയ പാതയിൽ ഇളമ്പളളൂർ നാന്തിരിക്കൽ പളളി ജംഗ്ഷനിൽ ആരംഭിച്ച് മൃഗാശുപത്രി ജംഗ്ഷൻ ദേശീത പാതയിൽ അവസാനിക്കുന്ന സമാന്തര റോഡാണിത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗയാത്ര സാധിക്കുന്ന ഈ പാത പ്രയോജനപ്പെടുത്തുന്നവർ ഏറെയാണ്.
.......................
 കരാർ തുക: ₹ 1.94 കോടി
...........................
 നവീകരണത്തുടക്കം: 2020
 ദൂരം: 1.5 കിലോ മീറ്റർ
 ഫണ്ട്: ഹാർബർ എൻജിനീയറിംഗ് തീരദേശ വികസന ഫണ്ട്
....................
തുടർച്ചയായ മഴ കാരണമാണ് ജോലികൾ വൈകുന്നത്. ടാറിംഗ് ജോലികളാണ് അവശേഷിക്കുന്നത് എന്നതിനാൽ തെളിഞ്ഞ കാലാവസ്ഥ വേണം. ജോലികൾ വേഗം പൂർത്തിയാക്കും
മുഹമ്മദ് ജാഫി, മെമ്പർ, ഗ്രാമപഞ്ചായത്ത്