
കൊല്ലം: മുതിർന്ന സി.പി.എം നേതാവും പ്രമുഖ സഹകാരിയും സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന മയ്യനാട് സുമതി ഭവനിൽ ഡി. ബാലചന്ദ്രൻ (90) അന്തരിച്ചു. കൊല്ലം എൻ.എസ് ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി ഓഫീസ്, മയ്യനാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക്, മയ്യനാട് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന പി. ലീലാവതിയാണ് ഭാര്യ. മക്കൾ: കേരളകൗമുദി മുൻ എക്സിക്യുട്ടീവ് എഡിറ്റർ ബി.സി. ജോജോ, ചലച്ചിത്ര നിർമ്മാതാവ് ബി.സി. ജോഷി. മരുമക്കൾ: ഡോ. ടി.കെ സുഷമ (വർക്കല എസ്.എൻ കോളേജ് ഹിന്ദി വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ), എസ്. ബിന്ദു (മയ്യനാട് എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക).
ദീർഘകാലം മയ്യനാട് പഞ്ചായത്തിന്റെയും മയ്യനാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റും ഏറെക്കാലം സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു ബാലചന്ദ്രൻ. പ്രായാധിക്യത്തെ തുടർന്ന് സമീപകാലത്ത് പാർട്ടിയിലെയും സഹകരണ രംഗത്തെ സുപ്രധാന ചുമതലകളിൽ നിന്നും ഒഴിവായെങ്കിലും നിർണായക ഘട്ടങ്ങളിലെല്ലാം നേതാക്കൾ ഉപദേശം തേടിയിരുന്നു.
കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയാണ്. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ സ്ഥാപകനേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറിയാണ്. മയ്യനാട് എൽ.ആർ.സി ലൈബ്രറി പ്രസിഡന്റ്, നവരംഗം കഥകളിസമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച സഹകാരിക്കുള്ള സംസ്ഥാന അവാർഡ്, മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം വയസിൽ മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ദീർഘകാലം ഇതേ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നു. വിരമിച്ച ശേഷം പൊതുരംഗത്ത് കൂടുതൽ സജീവമായി. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതു വരെ സി.പി.എം വേദികളിലും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.