photo-
പടം: കാടുപിടിച്ച റെയിൽവേ പ്ളാറ്റ്ഫോം

ശാസ്താംകോട്ട: റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇരിക്കണമെന്ന് തോന്നിയാൽ കാടിനുള്ളിലെ ബഞ്ചിൽ ഇരിക്കണം. രാത്രിയിലാണ് എത്തുന്നതെങ്കിൽ ഇരുട്ടിൽ തപ്പി നടക്കണം. നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി എത്തുന്ന റെയിൽവേ സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല.

മാനേജർ വരുന്നുണ്ടേൽ കാടുവെട്ടും

രണ്ടാഴ്ച മുമ്പ് ഒരു പ്ലാറ്റ്ഫോമിലെ കാടുകൾ വെട്ടി തെളിച്ചു. പ്രതിഷേധത്തെ തുടർന്നാണ് കാട് വെട്ടി തെളിച്ചതെന്ന് യാത്രക്കാർ വിശ്വസിച്ചെങ്കിലും റെയിൽവേ ഡിവിഷണൽ മാനേജരുടെ സന്ദർശനം പ്രമാണിച്ചാണ് വെട്ടിത്തെളിക്കലെന്ന് പിന്നീടാണ് അറിഞ്ഞത്. എന്നാൽ സന്ദർശനം നീട്ടിവച്ചതിനാൽ ഒരു പ്ലാറ്റ്ഫോം ഇപ്പോഴും കാട് പിടിച്ച് കിടക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങളില്ല

യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ കാടിനുള്ളിലാണ്. പ്ളാറ്റ്ഫോമിന് ആവശ്യമായ മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയാണ്. പ്രഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും കുറവാണ്. രാത്രിയിൽ ട്രെയിൻ വരുമ്പോൾ മാത്രമേ പ്ലാറ്റ്ഫോമിൽ ലൈറ്റ് കത്തിക്കാറുള്ളു. എന്നാൽ ചില അവസരങ്ങളിൽ അതും ചെയ്യാറില്ലെന്ന് യാത്രക്കാർ പരാതി പറയുന്നു. രാത്രിയിൽ എത്തുന്ന യാത്രക്കാർ ഇരുട്ടിൽ തപ്പി നടക്കേണ്ട അവസ്ഥയാണ്. പ്ളാറ്റ്ഫോം കേന്ദ്രീകരിച്ച് ലഹരി വസ്തുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണെങ്കിലും പൊലീസ് ഇതുവഴി വരാറേയില്ല.