കരുനാഗപ്പള്ളി: തീരദേശ റോഡിലെ മൂടിയില്ലാത്ത ഓട കാൽനടക്കാർക്ക് മുമ്പിൽ ഉയർത്തുന്നത് വൻ ഭീഷണി. കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ 33, 34 ഡിവിഷനുകളിലൂടെ കടന്നുപോകുന്ന ഓടയാണ് യാത്രക്കാർക്ക് വിനയാകുന്നത്. ത്രീ കിംഗസ് ചർച്ചിന്റെ കുരുശ്ശടിക്ക് തെക്ക് ഭാഗത്തുകൂടെ കടന്നുപോകുന്ന ഓട ചേറ്റുകായൽ വഴി പശ്ചിമതീര കനാലിലാണ് അവസാനിക്കുന്നത്. ആയിരം തെങ്ങിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് പത്മനാഭൻ ജെട്ടയിൽ അവസാനിക്കുന്ന തീരദേശ റോഡിന്റെ വശങ്ങളിലാണ് ഓടയുള്ളത്. കരുനാഗപ്പള്ളി ടൗൺ ഒഴിവാക്കി ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലും കോഴിക്കോട്ട് പ്രദേശങ്ങളിലേയ്ക്കും പോകുന്ന വാഹനങ്ങൾ ഇതു വഴിയാണ് കടന്നുപോകുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന് വീതി കുറവാണ്. എതിരെയുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർ റോഡിന്റെ വശങ്ങളിലേക്ക് മാറുന്നതും കാൽ വഴുതി ഓടയിൽ വീഴുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ഓടക്ക് മീതേ ചെടികൾ വളർന്നാൽ അപകടങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് അവർ പറയുന്നു.
മൂടിക്ക് തുകയില്ല !
നിർമ്മാണഘട്ടത്തിൽ തന്നെ ഓടയ്ക്ക് മൂടിയിടണമെന്ന് നാട്ടുകാർ നിരവധി തവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓടയുടെ എസ്റ്റിമേറ്റിൽ മൂടിക്ക് തുക അനുവദിച്ചിട്ടില്ലാത്തതിനാൽ അതിന് കഴിയില്ലെന്നായിരുന്നു കരാറുകാരൻ പറഞ്ഞ ന്യായം. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ എത്രയും വേഗം ഓടക്ക് മൂടിയിടാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ അവർ പ്രതിഷേധത്തിൽ നിന്ന് പിൻ വാങ്ങുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല, അപകട ഭീഷണി ഒഴിഞ്ഞതുമില്ല. അപകടങ്ങൾ ഇപ്പോഴും തുടരുകയാണ്. കാൽനട യാത്രാർക്ക് വിനയാകുന്ന ഓടയിൽ എത്രയും വേഗം മൂടിയിടണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു.