പുനലൂർ: കൊവിഡിൽ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല. കിഴക്കൻ മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടം കാണാനും ഇപ്പോൾ സഞ്ചാരികളുടെ വൻനിരയാണ്. എന്നാൽ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്.
കാൽ നൂറ്റാണ്ടായി തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന പുരുഷ, വനിത ജീവനക്കാർ ശമ്പളം വർദ്ധിപ്പിക്കാൻ അധികൃതരുടെ മനസ് തുറക്കുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളെറെയായി.
കുടുംബങ്ങൾ പട്ടിണിയിൽ
വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്ന പുരുഷ ,വനിത ഗൈഡുകൾ, ഡ്രൈവർമാർ, ക്ലീനിംഗ് സ്റ്റാഫ്, കാന്റീൻ ജീവനക്കാർ തുടങ്ങിയ 49 ഓളം താത്ക്കാലിക ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലരുവിയിൽ സീസണിൽ ലക്ഷങ്ങളുടെ വരുമാനമുണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം കൂട്ടുന്ന കാര്യത്തിൽ അധികൃതർക്ക് യാതൊരു കനിവുമില്ല. ദിവസം 450 രൂപയാണ് ശമ്പളമായി നൽകുന്നത്. ഇതിൽ ഓണ അഡ്വാൻസ് അടക്കം 1,500 ഓളം രൂപ ഓരോ മാസവും പിടിച്ച് ശേഷം ലഭിക്കുന്ന തുക ഉപയോഗിച്ച് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ്. സീസണായ ജൂൺ, ജൂലായ് മാസങ്ങളിലെ 26 ദിവസത്തെ ജോലി പോലും ലഭിക്കുന്നില്ല.
സീസൺ അല്ലാത്ത മാസങ്ങളിൽ നാലോ അഞ്ചോ ദീവസം മാത്രമാണ് ജോലിയുളളത്.
അടിസ്ഥാന സൗകര്യങ്ങളില്ല
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പാലരുവി വെളളച്ചാട്ടം. തമിഴ്നാട്ടിൽ നിന്ന് ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത് . എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. പ്രധാനപാതയിൽ നിന്ന് ജല പാതത്തിലേക്ക് വിനോദസഞ്ചിരികളെ എത്തിക്കുന്നതിനാവശ്യമായ ബസുകൾ ഇല്ലാത്തതിനാൽ ടൂറിസ്റ്റുകൾ തിരികെ മടങ്ങുന്ന അവസ്ഥയുമുണ്ട്.
ജീവനക്കാരുടെ ശമ്പളവും ജോലിയുടെ എണ്ണവും വർദ്ധിപ്പിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.
വി.എസ്.സോമരാജൻ (പ്രസിഡന്റ്, പാലരുവി ഇക്കോ ടൂറിസം യൂണിയൻ (എ.ഐ.ടി.യു.സി),
കെ.രാജൻ,ജനറൽ സെക്രട്ടറി