കൊല്ലം : സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. അഴീക്കൽ തലസ്ഥാനം, കടയിൽ കിഴക്കതിൽ കിരൺ (27) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
വലിയഴീക്കൽ പാലത്തിന് സമീപം പ്രതിയും മറ്റു ചിലരും തമ്മിൽ വാക്കേറ്റവും അടിപിടിയും നടക്കുന്നത് കണ്ട ആലപ്പാട് വില്ലേജിൽ കുഴിത്തുറ മുറിയിൽ തങ്കയ്യത്തു വീട്ടിൽ സ്മിജേഷ് ഇവരെ പിടിച്ച് മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതിയായ കിരൺ, സ്മിജേഷിനെ അസഭ്യം പറഞ്ഞുകൊണ്ട് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്മിജേഷ് ഓച്ചിറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ കിരണിനെതിരെ ഓച്ചിറ പൊലീസ് സ്റ്റേഷനിലും, തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലും വേറെയും കേസുണ്ട്.
ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ നിസ്സാമുദ്ദീൻ, എസ്.ഐമാരായ നിയായസ്, മുന്തിരി സ്വാമിനാഥ്, ഷരീഫ്, എ.എസ്.ഐമാരായ സന്തോഷ്, സുനിൽ, സി.പി.ഒമാരായ കനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.