 ക്ളിനിക്ക് വേണ്ടെന്ന് റിപ്പോർട്ട്

കൊല്ലം: ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ അനുവദിച്ച 30 ലക്ഷം വിനിയോഗിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ ക്ളിനിക്ക് ആരംഭിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി ആശുപത്രി അധികൃതർ.

തത്കാലം ക്ളിനിക്ക് ആവശ്യമില്ലെന്ന് റിപ്പോർട്ട് നൽകിയതോടെ പദ്ധതി തുലാസിലായി. കഴിഞ്ഞ ബഡ്ജറ്റിൽ തുക അനുവദിച്ചതോടെ വിശദമായ പദ്ധതി തയ്യാറാക്കാനും (ഡി.പി.ആർ) സൗകര്യങ്ങൾ ക്രമീകരിക്കാനും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരുന്നു.

നിലവിൽ ജില്ലയിൽ അഞ്ച് സിദ്ധ ഡിസ്‌പെൻസറികളുണ്ട്. ഇവിടങ്ങളിൽ പ്രതിദിനം ശരാശരി 70-100 പേർ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. ഇത്രത്തോളം രോഗികൾ ആയുർവേദ ആശുപത്രിയിൽ എത്തുന്നുമില്ല. സിദ്ധ ചികിത്സയ്ക്ക് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ ആയുർവേദ ആശുപത്രി അധികൃതരുടെ നിലപാട് വിവാദമാവുകയാണ്.

സിദ്ധ അസോ. മയക്കത്തി​ൽ

ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ ക്ലിനിക്ക് ആരംഭിക്കാൻ തീരുമാനമുണ്ടായി​ട്ടും സിദ്ധ മെഡിക്കൽ അസോസിയേഷൻ തുടർ നടപടികൾ സ്വീകരിച്ചില്ല. സിദ്ധ ക്ലിനിക്ക് ആരംഭിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കാമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും എം. മുകേഷ് എം.എൽ.എയുടെയും വാക്കുകൾ അസോസിയേഷൻ ഗൗരവത്തി​ലെടുത്തില്ല.

ഇടങ്കോലി​ടാൻ അലോപ്പതി

പാരമ്പര്യ ചികിത്സകൾക്കുള്ള പ്ലാൻഫണ്ട് വെട്ടി​ക്കുറയ്ക്കണമെന്ന ആവശ്യവുമായി അലോപ്പതി​യി​ലെ ഒരു വിഭാഗം രംഗത്ത്. ആയുർവേദ അധികൃതർ സിദ്ധയെ തകർക്കാൻ പരി​ശ്രമി​ക്കവേയാണ്, അവർക്കെതിരെ അലോപ്പതിക്കാർ നീക്കം നടത്തുന്നത്. പാരമ്പര്യ ചികിത്സാ രീതികൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും അതി​നാൽ തദ്ദേശ സ്ഥാപനങ്ങൾ ഈ വി​ഭാഗങ്ങൾക്ക് തുക അനുവദിക്കരുതെന്നുമാണ് വാദം.

സിദ്ധ ചികിത്സയുള്ള ഡിസ്‌പെൻസറികൾ

1. ഗവ. സിദ്ധ ഡിസ്‌പെൻസറി, തേവലക്കര

2. ആയുഷ് ഹോളിസ്​റ്റിക് സെന്റർ (ദേശീയ ആയുഷ് മിഷൻ), ശാസ്താംകോട്ട

3. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ഡിസ്‌പെൻസറി, കല്ലുവാതുക്കൽ

4. എൻ.എച്ച്.എം ഡിസ്‌പെൻസറി, ചവറ തെക്കുംഭാഗം

5. എൻ.എച്ച്.എം ഡിസ്‌പെൻസറി, കൊട്ടാരക്കര

സിദ്ധയുള്ള ജില്ല ആയുർവേദ ആശുപത്രികൾ

 പത്തനംതിട്ട  കോട്ടയം  എറണാകുളം  തൃശൂർ  കോഴിക്കോട്  കണ്ണൂർ  വയനാട്  കാസർകോട്