രക്തഘടകം വേർതിരിച്ചെടുക്കുന്ന യന്ത്രം ഇന്ന് സമർപ്പിക്കും
പുനലൂർ: ആധുനിക ചികിത്സാസൗകര്യങ്ങളുള്ള പുനലൂർ ഗവ.താലൂക്ക് ആശുപത്രി വീണ്ടും ശ്രദ്ധേയമാകുന്നു. രക്തദാതാവിൽ നിന്ന് നേരിട്ട് ആവശ്യമുളള രക്തഘടകം മാത്രം വേർതിരിച്ചെടുക്കാൻ കഴിയുന്ന ആധുനിക യന്ത്രം കൂടി സജ്ജമായതോടെയാണ് താലൂക്ക് ആശുപത്രി വീണ്ടും
ശ്രദ്ധാകേന്ദ്രമാകുന്നത്. 18ലക്ഷം രൂപ ചെലവിട്ടാണ് അഫറസിസ് എന്ന യന്ത്രം ആശുപത്രിയിലെ ബ്ലഡ്സെന്ററിൽ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ പാരിപ്പളളി മെഡിക്കൽ കോളേജ് കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ഇവിടെമാത്രമാണ് ഈ സംവിധാനമുള്ളത്. ഡ്രഗ്കൺട്രോളറിന്റെ ലൈസൻസ് കൂടി ലഭിച്ചതോടെയാണ് ആധുനിക യന്ത്രം പ്രവർത്തന സജ്ജമായത്.
ആധുനികം
ഒരോരക്തദാതാവിൽ നിന്നും ആവശ്യമുള്ള രക്തഘടകങ്ങൾ വേർതിരിച്ചെടുത്ത ശേഷം ബാക്കിയുള്ളവ ശരീരത്തിലേക്ക് തന്നെ തിരികെ കയറ്റുകയും ചെയ്യുന്ന ആധുനിക യന്ത്രമാണ് സംവിധാനമാണ് അഫറസിസ്.
ചുവന്ന രക്താണു, പ്ലസ്മ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ തത്സമയം വേർതിരിച്ച് ശേഖരിക്കാൻ കഴിയും. രക്തദാതാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് നടപടികൾ പൂർത്തിയാക്കാൻ കഴിയും. ഓരോ രക്തദാതാവിൽ നിന്ന് 250 മുതൽ 300
മില്ലിലിറ്റർ വരെ പ്ലേറ്റ് ലെറ്റ് വേർതിരിച്ചെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
സാധാരണ നിലയിൽ ഓരോളിൽ നിന്ന് 350 മില്ലി ലിറ്റർ രക്തം ശേഖരിച്ചാൽ ഇതിൽ നിന്ന് 50 മില്ലിലിറ്റർ പ്ലേറ്റ് ലെറ്റേ ലഭ്യമാക്കാൻ കഴിയൂ. ഇതുകാരണം 300 മില്ലി ലിറ്റർ പ്ലേറ്റ് ലെറ്റിനായി ആറ് രക്ത ദാതാക്കളെ കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ, ഈ സ്ഥാനത്ത് ഒരാളിൽ നിന്ന് മാത്രം ഇത്രയും പ്ലേറ്റ് ലെറ്റ് ശേഖരിക്കാൻ യന്ത്രത്തിലൂടെ കഴിയും.
അഭിമാനം
സംസ്ഥാനത്തെ മികച്ച താലൂക്ക് ആശുപത്രികളിലൊന്നായ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയെത്തേടി നിരവധി ദേശീയ,സംസ്ഥാന പുരസ്ക്കാരങ്ങൾ എത്തിയിട്ടുണ്ട്. ദിവസവും ഏഴായിരത്തോളം രോഗികൾ ഒ.പിയിൽ ചികിത്സ തേടിയെത്തുന്നതിന് പുറമെ 450 ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്നതാണ് പത്ത് നിലയിൽ ശീതീകരിച്ച ആതുരാലയം. അത്യാധുനിക യന്ത്രം കൂടി സജ്ജമാകുന്നതോടെ രോഗികൾക്ക് കൂടുതൽ ആശ്വാസമാകും. യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 10ന് പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രാഹം അദ്ധ്യക്ഷത വഹിക്കും. ഉപാദ്ധ്യൻ വി.പി.ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്തരഞ്ചൻ, ബി.സുജാത തുടങ്ങിയവർ സംബന്ധിക്കും.
യന്ത്രം വഴി രക്ത ഘടകം ശേഖരിക്കുന്നതിലൂടെ ദാതാവിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. മാത്രമല്ല, 24 മണിക്കൂറിനുളളിൽ രക്ത ഘടകങ്ങൾ സാധാരണ നിലയിലാകുകയും ചെയ്യും.
ഡോ.ആർ.ഷാഹിർഷ, സൂപ്രണ്ട്, പുനലൂർ താലൂക്ക് ആശുപത്രി