കരുനാഗപ്പള്ളി: മൂന്നര പതിറ്റാണ്ടായി പ്രവർത്തിച്ചുവന്ന കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി തരംതാഴ്‌ത്തി. ഇതോടെ ഡിപ്പോയ്‌ക്ക് എ.ടി.ഒ പദവി നഷ്ടപ്പെട്ടു. ഇതോടെ കരുനാഗപ്പള്ളി ഓഫീസിലെ റെക്കാഡുകളും രേഖകളും മറ്റു സാധനങ്ങളും കൊട്ടാരക്കരയിലേക്ക് കൊണ്ട് പോയി. കെ.എസ്.ആർ.ടി.സി യുടെ വർക്ക് ഷോപ്പ് വാനിലാണ് രേഖകൾ കൊണ്ട് പോയത്.
കരുനാഗപ്പള്ളി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി താഴ്‌ത്തിയതോടെ ഇവിടത്തെ ഓഫീസ് ജീവനക്കാരെ തൊടുപുഴ, പൂവാർ, സുൽത്താൻ ബേത്തേരി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റി. ഇനി കരുനാഗപ്പള്ളി ഓപ്പറേറ്രിംഗ് സെന്ററിൽ 350 ഓളം കണ്ടക്ടർമാരും ഡ്രൈവർമാരും 4 കൺട്രോളിംഗ് ഇൻസ്പെക്ടർമാരും 4 സ്റ്റേഷൻ മാസ്റ്റർമാരും മാത്രമാണുള്ളത്. 35 ഓളം വരുന്ന ഓഫീസ് ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. കെ.എസ്.ആർ.സി കരുനാഗപ്പള്ളി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്ത്താനുള്ള നീക്കം ഉന്നതങ്ങളിൽ നടക്കുന്ന കാര്യം കേരള കൗമുദി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള രേഖകൾ കൊട്ടാരക്കരയിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ ഒരാഴ്ച മുമ്പ് മുതൽ ആരംഭിച്ചിരുന്നു. അതീവ രഹസ്യമായിട്ടാണ് രേഖകൾ അടുക്കിക്കെട്ടിവച്ചത്. തിങ്കളാഴ്ച കൊണ്ടു പോകേണ്ടിയിരുന്ന രേഖകൾ പെട്ടെന്ന് ഇന്നലെ കടത്തിക്കൊണ്ട് പോകുകയായിരുന്നു. നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിന് മുമ്പ് തന്നെ അധികൃതർ രേഖകൾ മാറ്റിയിരുന്നു.
വികസനത്തിന് തരിച്ചടി
ഡിപ്പോ പദവി നഷ്ടപ്പെട്ടത് കരുനാഗപ്പള്ളിയുടെ വികസന പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാകും. ജീവനക്കാരും പെൻഷൻകാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. ഇനി മുതൽ ഇവർ എല്ലാ ആവശ്യത്തിനും കൊട്ടാരക്കരയിലേക്ക് പോകേണ്ടി വരു. ഡിപ്പോയുടെ പരിധിയിൽ സർവീസുകൾ ആരംഭിക്കാനുള്ള അധികാരവും ഇതോടെ നഷ്ടമായി.
കരുനാഗപ്പള്ളിയുടെ വികസനത്തെ പിറകോട്ടടിക്കുന്ന പ്രവൃത്തിയാണ് തരം താഴ്‌ത്തലിലൂടെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.