road
തകർന്നുകിടക്കുന്ന കൊച്ചാലുമൂട് കോടിയാട്ടുകാവ് റോഡ്

കൊട്ടാരക്കര: കൊച്ചാലുമൂട് കോടിയാട്ടുകാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. മൈലം പഞ്ചായത്തിലെ ഇഞ്ചക്കാട് 18, 19, 20 വാർഡുകളെ എം.സി റോ‌ഡുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇപ്പോൾ കാൽനട പോലും അസാദ്ധ്യമായ നിലയിൽ തകർന്നുകിടക്കുന്നത്. റോഡ് പുനർ നിർമ്മിച്ച് ഗതാഗത സൗകര്യം കാര്യക്ഷമമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

നാടിന്റെ പുരോഗതിക്ക് റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടും ഒരുഫലവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രശ്നപരിഹാരം അനന്തമായി നീണ്ടതോടെ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

എം.സി റോഡും ഈ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പുലമൺ തോട്ടിലെ അണത്തറ പാലം വീതി കൂട്ടുകയും കോടിയാട്ടുകാവ് പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയും വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

സി.പി.എം കോട്ടാത്തല, മൈലം ലോക്കൽ സെക്രട്ടറിമാരായ എം.ചന്ദ്രൻ, ഉപാസന മോഹൻ, ജി. ഉണ്ണിക്കൃഷ്ണൻ നായർ, മുള്ളിക്കാട്ടിൽ മോഹനൻ എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.