കൊല്ലം: കൊല്ലം ഡിപ്പോ കേന്ദ്രീകരിച്ച് പതിറ്രാണ്ടുകളായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് കൊട്ടാക്കരയിലേക്ക് മാറ്റാനുള്ള ശ്രമം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തടഞ്ഞു. ഓഫീസ് ഉപകരണങ്ങൾ ഇന്നലെ രാവിലെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി തടയുകയായിരുന്നു.
ജില്ലാ ഓഫീസ് കൊല്ലത്തുനിന്നു മാറ്റുന്നതിൽ എം.മുകേഷിന് ഗൂഢ ലക്ഷ്യമാണുള്ളതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലം നഗരത്തിലെ കണ്ണായ ഭൂമിയിലെ കോർപറേറ്റ് താത്പര്യമാണ് ജില്ലാ ഓഫീസ് മാറ്റത്തിന് പിന്നിലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഡി. ഗീതകൃഷ്ണൻ, ശരത് കടപ്പാക്കട, മോഹൻ ബോസ്, ഷാജഹാൻ പാലക്കൽ, ഹർഷാദ് മുതിരപറമ്പിൽ, അജു ചിന്നക്കട, ഷാൻ കുരീപ്പുഴ, സുൽഫി, ശരത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.