കൊല്ലം: കല്ലുപാലത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടൗൺ സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുപാലത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഞ്ചുകോടി ചെലവാക്കിയതിനു പിന്നാലെ രണ്ടുകോടിക്ക് പാർശ്വ റോഡുകൾ തയ്യാറാക്കാൻ ടെൻഡർ വിളിച്ചതിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. 50 ദിവസം കൊണ്ട് പാലം പണി പൂർത്തീകരിക്കുമെന്നാണ് ഒന്നര വർഷം മുൻപ് എം.എൽ.എ പറഞ്ഞത്. 500 ദിവസം പിന്നിട്ടിട്ടും ഒന്നുമായില്ല. ഓണത്തിന് മുൻപായി പാലം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തില്ലെങ്കിൽ സത്യാഗ്രഹവും ഉപവാസവും ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ പാലത്തിൽ മീൻ ഉണക്കാൻ നിരത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, ബിജു ലൂക്കോസ്, ഹബീബ് സേട്ട്, ചന്ദ്രൻ ഓലയിൽ, അമൽ ദാസ്, എ.എസ്. ഷാജഹാൻ, രഞ്ജിത് കലുങ്കുമുഖം, ടി.കെ. അൻസാർ, അജി പള്ളിത്തോട്ടം, പി. സിന്ധു, ഷാജഹാൻ പാലക്കൽ, സ്റ്റാൻലി നൊബെർട്ട്, എ.കെ. സാബ്ജാൻ, നൗഷർ പള്ളിത്തോട്ടം, ജഗന്നാഥാൻ, ദീപ ആൽബർട്ട്, വൈ.എ. സമദ്, താജുദ്ദീൻ, അഗസ്റ്റിൻ സുദർശനൻ, ഷിബു, ഉണ്ണി, സുന്ദരൻ, നോബ്, ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.