കൊല്ലം: ക്ഷേമ പെൻഷൻ പദ്ധതിയിൽ പരേതരും അംഗങ്ങളെന്ന് കോർപ്പറേഷനിലെ ഓഡിറ്റ് റിപ്പോർട്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കും വീടുകളിൽ നേരിട്ടെത്തിയും പെൻഷൻ തുക കൈമാറുന്നുണ്ടെന്നും കണ്ടെത്തി.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ സമീപകാലത്ത് മരിച്ച 3,000 പേരുടെ വിവരങ്ങൾ ഓഡിറ്റ് ഉദ്യോഗസ്ഥർ റാൻഡം സർവേ അടിസ്ഥാനത്തിൽ പരിശോധിച്ചു. ഇതിൽ 132 പേരുടെ അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ മേയ് വരെ ക്ഷേമ പെൻഷൻ കൈമാറിയതായി കണ്ടെത്തി. മരിച്ച ശേഷം 25,000 രൂപവരെ ചിലരുടെ അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഇത്തരത്തിൽ മാത്രം 21 ലക്ഷം രൂപ ഖജനാവിന് നഷ്ടമായി. ഇങ്ങനെയെത്തിയ തുക ബന്ധുക്കൾ പിൻവലിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഒരു വർഷത്തിനിടെ മരിച്ചവരുടെ വിവരങ്ങൾ മാത്രമാണ് ഓഡിറ്റ് വകുപ്പ് പരിശോധിച്ചത്. പിന്നോട്ട് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
ക്ഷേമ പെൻഷൻ വാങ്ങുന്നവർ മരിക്കുകയോ മറ്റേതെങ്കിലും കാരണത്താൽ അർഹത നഷ്ടപ്പെടുകയോ ചെയ്താൽ പെൻഷൻ വിതരണത്തിനുള്ള സേവന സോഫ്റ്റ് വെയർ വഴി അർഹത റദ്ദാക്കണമെന്നാണ് ചട്ടം. ഗുണഭോക്താക്കൾക്കും ബന്ധുക്കൾക്കും ഇതു സംബന്ധിച്ച് ബോദ്ധ്യമില്ലാത്തതിനാൽ പലരും പെൻഷൻ റദ്ദാക്കാറില്ല. കോർപ്പറേഷനിൽ നഗരത്തിലെ മരണങ്ങൾ രജിസ്റ്റർ ചെയ്യാറുണ്ട്. ഇത് പരിശോധിച്ച് പെൻഷൻ റദ്ദാക്കാമെങ്കിലും തയ്യാറായിട്ടില്ല. ജില്ലാ ആശുപത്രി, നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ മരണങ്ങളും കോർപ്പറേഷനിൽ റിപ്പോർട്ട് ചെയ്യാറുണ്ട്.
കൈപ്പറ്റ് രസീതില്ല
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നൽകുന്നതിന് പുറമേ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തി തുക നേരിട്ടും കൈമാറുന്നുണ്ട്. ഇങ്ങനെ കൈമാറുമ്പോൾ ഗുണഭോക്താവിന്റെ കൈപ്പറ്റ് രസീത് വാങ്ങണം. എന്നാൽ സമീപകാലത്തെ രേഖകൾ പരിശോധിച്ചപ്പോൾ അഞ്ചു പേർക്ക് മരിച്ച ശേഷം കൃത്രിമ രേഖകൾ ചമച്ച് പെൻഷൻ നേരിട്ട് നൽകിയതായി കണ്ടെത്തി. ഇങ്ങനെ ഒരാളുടെ പേരിൽ 23,900 രൂപ വരെ നൽകിയിട്ടുണ്ട്.
മരിച്ച ശേഷം 'നിയമനം'
2021 ജൂണിൽ മരിച്ചയാളെ 2022ൽ ക്ഷേമ പെൻഷനു വേണ്ടി തിരഞ്ഞെടുത്ത് വിവിധ മാസങ്ങളിലായി 6400 രൂപ വരെ ബാങ്ക് അക്കൗണ്ടിൽ കൈമാറി. അർഹതയുള്ളവർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പെൻഷൻ അനുവദിക്കാതിരിക്കവേയാണ് മരിച്ചവർക്കും പെൻഷൻ നൽകുന്നത്.