
കൊല്ലം: പ്രണയ വിവാഹത്തിൽ പ്രതിഷേധിച്ച് വരന്റെ വീടിന് തീയിട്ട പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ പ്ളാവിള വീട്ടിൽ ശ്രീകുമാറിനെയാണ് (33) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പള്ളിക്കൽ വെള്ളാരംകുന്ന് ചരുവിള വീട്ടിൽ റെജീനയുടെ മകൻ ദീനുവും (30) സമീപവാസിയായ ആതിരയും തമ്മിൽ പ്രണയത്തിലായിരുന്നു. ആതിരയുടെ വീട്ടിൽ എതിർപ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ഇരുവരും ഒളിച്ചോടുകയും 14ന് രജിസ്റ്റർ വിവാഹം നടത്തുകയുമായിരുന്നു. സംഘർഷ സാദ്ധ്യതയുള്ളതിനാൽ വിവാഹശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിച്ചത്.
രാത്രിയോടെ ആതിരയുടെ ബന്ധുവായ ശ്രീകുമാർ ദീനുവിന്റെ വീട്ടിലെത്തി പരിസരം നിരീക്ഷിച്ചശേഷം വീണ്ടുമെത്തിയാണ് വീടിന് തീ കൊളുത്തിയത്. ഓടും ഷീറ്റും മേഞ്ഞ വീടും കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന കട്ടിലും ടി.വിയും ലാപ് ടോപ്പും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമടക്കം കത്തിനശിച്ചു.
വീടിന് തീ പടരുന്നതുകണ്ട അയൽക്കാർ കൊട്ടാരക്കര പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ കെടുത്തിയപ്പോഴേക്കും ഒട്ടുമിക്ക സാധനങ്ങളും കത്തി നശിച്ചിരുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.