photo
പട ഒഴിഞ്ഞ പടക്കളം പോലെയായ കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓപീസ്.

കരുനാഗപ്പള്ളി: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സജീവമായിരുന്ന കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓഫീസ് പട ഒഴിഞ്ഞ പടക്കളം പോലെയായി. 35 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്ന ഓഫീസ് ഇന്നലെ മുതൽ വിജനമായി. ഓഫീസിൽ സൂക്ഷിച്ചിരുന്ന റെക്കാഡുകളും അലമാരകളും കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയതോടെ കരുനാഗപ്പള്ളി ഡിപ്പോ ഓഫീസിന് സ്വതന്ത്ര പദവി നഷ്ടമായി. ജീവനക്കാരില്ലാത്ത ഓഫീസിനുള്ളിൽ പേപ്പർ മാലിന്യം മാത്രമുണ്ട്. ഓഫീസ് വൃത്തിയാക്കാൻ പോലും ആളില്ല.

ആവശ്യങ്ങൾക്ക് കൊട്ടാരക്കരയിലേക്ക് പോകണം

ഓപ്പറേറ്റിംഗ് സെന്ററായി തരംതാഴ്ത്തിയ ഡിപ്പോയിൽ നിലവിൽ സ്റ്റേഷൻ മാസ്റ്റർമാരും കൺടോളിംഗ് ഇൻസ്പെക്ടർമാരും മാത്രമാണുള്ളത്. ഡിപ്പോയുടെ പദവി നഷ്ടപ്പെട്ടതോടെ നാട്ടുകാരുടെ ദുരിതം വർദ്ധിച്ചു. വിവിധ ആവശ്യങ്ങൾക്കായി ഇന്നലെ ഡിപ്പോയിലെത്തിയവർ നിരാശരായി മടങ്ങി. സൗജന്യ യാത്ര അനുവദിക്കപ്പെട്ട വികലാംഗർക്കും അന്ധർക്കും കാൻസർ രോഗികൾക്കും പാസ് നൽകുന്നത് എ.ടി.ഒ ആണ്. പുതുതായി വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിന് തീരുമാനമെടുക്കാനുള അധികാരവും എ.ടി.ഒ ക്ക് മാത്രമാണ്. ഇനി ഈ ആവശ്യങ്ങൾക്കെല്ലാം കൊട്ടാരക്കരയിലേക്ക് പോകേണ്ടി വരും. അല്ലെങ്കിൽ ഇതിനുള്ള ബദൽ സംവിധാനം കരുനാഗപ്പള്ളി ഓഫീസിൽ ഏർപ്പെടുത്തേണ്ടി വരും. നിലവിൽ ഇത്തരമൊരു തീരുമാനത്തിന് സാധ്യതയില്ല.

പെൻഷണേഴ്സ് ദുരിതത്തിൽ

കെ.എസ്.ആർ.ടി.സി യിൽ നിന്ന് വിരമിച്ച് പ്രായാധിക്യം മൂലം വീട്ടിലിരിക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടത്തിലായത്. പെൻഷനുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ഇനി മുതൽ കൊട്ടാരക്കരയിൽ പോകണം. യാത്രാ ക്ലേശം അനുഭവപ്പെടുന്ന ഉൾപ്രദേശങ്ങളിലേക്ക് പുതിയ സർവീസ് ആരംഭിക്കാനുള്ള സാദ്ധ്യതകളും അടഞ്ഞിരിക്കുകയാണ്.