കൊല്ലം: വ്യത്യസ്ത എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ നിന്നായി ഏറ്റവും കൂടുതൽ പ്ളേസ്മെന്റുകൾ സൃഷ്ടിച്ച് പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജ്. മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ നിന്നു മുൻനിര കമ്പനികളിലേക്ക് നൂറ്റി അൻപതിലധികം വിദ്യാർഥികൾക്കാണ് കോർ പ്ളേസ്മെന്റിലൂടെ തൊഴിൽ സാദ്ധ്യമാക്കിയത്. മെക്കാനിക്കൽ എൻജിനീയറിംഗിന് ഏറ്റവും കൂടുതൽ കോർ പ്ലേസ്മെന്റ് നേടിയ കേരളത്തിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ് എന്ന നേട്ടം കൂടി യു.കെ.എഫ് കരസ്ഥമാക്കി.
ഒന്നാം സെമസ്റ്റർ മുതൽ എൻജിനീയറിംഗ് 4.0 പദ്ധതിയുടെ ഭാഗമായാണ് പ്ലേസ്മെന്റ് പരിശീലനം നൽകുന്നതെന്ന് കോളേജ് മാനേജിംഗ് ഡയറക്ടർ അമൃത പ്രശോബ് പറഞ്ഞു. പഠനത്തോടൊപ്പം വ്യാവസായിക പരിശീലനവും നിർമ്മാണാത്മകമായ അഭിരുചിയും സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനപ്രവർത്തനമാണ് നടക്കുന്നതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് വിശദീകരിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്താൻ ഇന്റർവ്യു ട്രെയിനിംഗ്, സോഫ്റ്റ് സ്കിൽ ഡെവലപ്പ്മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ. ഗോപാലകൃഷ്ണ ശർമ പറഞ്ഞു. പ്ലേസ്മെന്റ് ഓഫീസർ പ്രൊഫ. രശ്മി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള അൻപതംഗ ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ത്യയിലെ മുൻനിര കമ്പനികളായ പോപ്പുലർ ഹ്യുണ്ടായി, പോപ്പുലർ ജെ.സി.ബി, ഓട്ടോ ബാൻ ഭാരത് ബെൻസ്, സ്പെരിഡിയൻ, ഇൻഫോസിസ്, ഫോർബ്സ് മാർഷൽ, മർലാബ്സ്, ക്ഷേമ പവർ, പ്രോളിഫിക്സ്, ടാറ്റാ കൺസൾട്ടൻസി സർവീസസ്, മൈൻഡ് ട്രീ, വിപ്രോ തുടങ്ങിയ 35 ലധികം കമ്പനികളിലാണ് വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റുകൾ ലഭിച്ചത്.