ചവറ: കെ.എം.എം.എല്ലിൽ കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. ആദ്യ തൈ നട്ട് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.അഗ്രികൾച്ചറൽ നോഡൽ ഓഫീസർ എ.എം. സിയാദ്, കമ്മിറ്റി അംഗങ്ങളായ സജീദ് മോൻ, ഡി.ധനേഷ്, റസിൻ പ്രസാദ്, അനൂപ്, എം ടി.പി യൂണിറ്റിലെ യൂണിയൻ നേതാക്കളായ വി.സി. രതീഷ്‌കുമാർ (സി.ഐ.ടി.യു), ആർ. ശ്രീജിത് (ഐ.എൻ.ടി.യു.സി), ജെ. മനോജ്മോൻ (യു.ടി.യു.സി) എം.എസ് യൂണിറ്റിലെ യൂണിയൻ നേതാക്കളായ ജി. ഗോപകുമാർ (സി.ഐ.ടി.യു), എസ്.സന്തോഷ് (യു.ടി.യു.സി), സി. സന്തോഷ്‌കുമാർ (ഐ.എൻ.ടി.യു.സി), പി.ആർ.ഒ പി.കെ. ഷബീർ, സി.എൽ.ഒ മോഹൻപുന്തല തുടങ്ങിയവർ പങ്കെടുത്തു.
രണ്ടര ഏക്കർ സ്ഥലത്താണ് കമ്പനി കൃഷി ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ജൈവ പച്ചക്കറി കൃഷിയിൽ വിജയകരമായി മുന്നേറുകയാണ് കെ.എം.എം.എൽ. കൊവിഡ് കാലത്ത് സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കെ.എം.എം.എല്ലിൽ കൃഷി തുടങ്ങിയത്. പിന്നീട് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും നടപ്പാക്കി. തളിൽ ബ്രാന്റിൽ സ്വന്തമായി നെല്ലും മഞ്ഞൾ പൊടിയും ഉത്പ്പാദിപ്പിച്ചു. ഒപ്പം മത്സ്യ കൃഷിയും തുടങ്ങി. വിളവുകളെല്ലാം പ്രദേശത്തെ പാലിയേറ്റീവ് കുടുംബങ്ങൾക്കും സാധുജനങ്ങൾക്കുമാണ് നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഗ്രികൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.