railway-cross-thodiyoor
മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ റെയിൽവേ ഗേറ്റ്

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും കല്ലുകടവ് ഓവർ ബ്രിഡ്ജിനും മദ്ധ്യേ മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള റെയിൽവേ ക്രോസിൽ വാഹനങ്ങളും യാത്രക്കാരും കുടുങ്ങുന്നു. അപകടങ്ങളും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് സുഗമമായ സഞ്ചാരവഴിയായിരുന്ന മാരാരിത്തോട്ടം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ ലെവൽ ക്രോസ് അടച്ചു പൂട്ടിയിട്ടാണ് ഇടുങ്ങിയ റോഡിൽ കാവൽപ്പുരയും ഗേറ്റും സ്ഥാപിച്ചത്. കാറുകൾ, ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്ക് മാത്രമെ ഈ ലെവൽ ക്രോസിലൂടെ കടന്നു പോകാനാകൂ.
എന്നാൽ വലിയ വാഹനങ്ങളും ഇതുവഴി വരുമ്പോൾ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും നീങ്ങാനാവാത്ത തരത്തിൽ കുടുങ്ങും. ആ സമയത്തിനുള്ളിൽ അടുത്ത ട്രെയിൻ കടന്നു പോകുന്നതിന് വേണ്ടി ഗേറ്റ് അടയ്ക്കാൻ സിഗ്നൽ ലഭിക്കും. അടഞ്ഞു കൊണ്ടിരിക്കുന്ന ഗേറ്റിനുള്ളിൽ വാഹനങ്ങൾ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.
നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പലപ്പോഴും ട്രെയിൻ കടന്നു പോകുന്നത്‌.

അപകടങ്ങൾക്ക് വേണ്ടി കാത്തിരിക്കല്ലേ
മാളിയേക്കൽ മേൽപ്പാലം പണി നടക്കുന്നതിനാൽ കരുനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇതുവഴിയെത്തുന്നുണ്ട്. ഗേറ്റ് തുറക്കുമ്പോഴുള്ള തിക്കിലും തിരക്കിലും വാഹനങ്ങൾ തമ്മിൽ ഉരസും.
ഗേറ്റിന് പുറത്ത് ഇരു വശത്തും റോഡിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന പാളങ്ങളും ഹൈറ്റ് ഗേജും ഇടുങ്ങിയ റോഡിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അപകടങ്ങൾക്ക് വേണ്ടി കാത്തിരിക്കാതെ അടിയന്തരമായി റോഡിന് വീതി കൂട്ടി വഴിയാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.