കൊല്ലം: രാമായണ പാരായണത്തിനൊപ്പം രാമായണ തത്വങ്ങൾ കൂടി ഉൾക്കൊള്ളാൻ ശ്രമിക്കണമെന്ന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ പറഞ്ഞു. പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഋഷീശ്വരന്മാർ ഉപനിഷത്തുകളിലൂടെ പ്രപഞ്ചത്തിന്റെ സത്യസ്ഥിതി വ്യക്തമാക്കിയിട്ടുണ്ട്. കഥകളുടെയും കവിതകളുടെയും രൂപത്തിൽ ഋഷീശ്വരന്മാർ പറഞ്ഞുവച്ച ഈ സത്യങ്ങൾ ഇതിഹാസ കൃതികളുടെ പാരായണത്തിലൂടെ ഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക പ്രഭാഷക സുധർമ്മ ശിവാനന്ദൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി തൊളിയറ പ്രസന്നൻ, വൈസ് പ്രസിഡന്റ് ആർ. രാജു, ട്രഷറർ ബാവൻ, ക്ഷേത്രം വനിതാസംഘം പ്രസിഡന്റ് സുലോചന, സെക്രട്ടറി ഷീബ മോഹൻ, ട്രഷറർ തുളസി തുടങ്ങിയവർ പങ്കെടുത്തു. കർക്കിടകം അവസാനിക്കുന്നത് വരെ എല്ലാദിവസം വൈകിട്ട് 4.15 മുതൽ 5.30 വരെ പ്രമുഖർ രാമായണത്തിന്റെ വിവിധ ഭാഗങ്ങൾ ആസ്പദമാക്കി ക്ഷേത്ര സന്നിധിയിൽ പ്രഭാഷണം നടത്തും.