പടിഞ്ഞാറെ കല്ലട: ചവറ ശാസ്താംകോട്ട സംസ്ഥാനപാതയിൽ ആദിക്കാട്ട് മുക്കിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ. ഇപ്പോൾ ആദിക്കാട്ടു മുക്കിൽ വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം കൂടി. അതോടെ വാഹനത്തിരക്കും ജനത്തിരക്കും വർദ്ധിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ആദിക്കാട് മുക്കിന് സമീപമുള്ള കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വെളുപ്പിന് ചായക്കടയിൽ നിന്ന് ചായ കുടിക്കാൻ വരുന്ന വഴി റോഡിൽ വച്ച് വണ്ടിയിടിച്ച് മരിച്ചത്.കൊടും വളവിൽ തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ വന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
അപകടം വരുന്ന വഴി
റോഡിൽ കൊടും വളവിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റും അതിന് സപ്പോർട്ടായി നൽകിയിരിക്കുന്ന പോസ്റ്റിലുമായി വലിച്ചു കെട്ടിയിരിക്കുന്ന പരസ്യ ബാനറുകൾ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നു.
റോഡിന് ആവശ്യത്തിലധികം സ്ഥലമുണ്ടായിട്ടും വീതി കൂട്ടാത്തതും അനധികൃത വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ച് ബോർഡുകൾ സ്ഥാപിയ്ക്കാത്തതും വളവുകളിൽ സ്ഥാപിയ്ക്കുന്ന ബ്ളിംഗിംഗ് ലൈറ്റുകൾ സ്ഥാപിയ്ക്കാത്തതും അപകടകാരണങ്ങളാണ്.
ആദിക്കാട്ട് മുക്കിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിക്കും.
ആർ. ശരത്ചന്ദ്രൻ ,
ജോയിന്റ് ആർ.ടി.ഒ കുന്നത്തൂർ
ആദിക്കാട്ട് മുക്കിലെ വളവിൽ അപകടകരമായ നിലയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
എ.അൻസ്
കെ.എസ്.ഇ. ബിഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
ശാസ്താംകോട്ട
കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗത്തിലെ തീരുമാനപ്രകാരം ശാസ്താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെയുള്ള റോഡിലെ അനധികൃത കയ്യേറ്റങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു. വാഹനാപകടങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള അനധികൃത പരസ്യ ബാനറകളും ബോർഡുകളും വരും ദിവസങ്ങളിൽ നീക്കം ചെയ്യും.
എസ് . ഷെരീഫ്
ഡിവൈ.എസ്.പി
ശാസ്താംകോട്ട
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ കുന്നത്തൂർ താലൂക്ക് വികസന സമിതി സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരം കുന്നത്തൂർ മണ്ഡലത്തിലെ പ്രധാന റോഡുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. അതിന്റെ ഭാഗമായി ആദിക്കാട്ട് മുക്കിലെ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കും.
എസ്. ചന്ദ്രശേഖരൻഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ
കുന്നത്തൂർ.