കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പുത്തൻതുറ ഗവ. എ.എസ്.എച്ച്.എസ്.എസി​ന്റെ മുൻഭാഗം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഉറപ്പായി​ട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. കാലപ്പഴക്കത്തിന്റെ പേരിൽ സ്‌കൂളിലെ രണ്ടുനില കെട്ടിടം മുമ്പ് പൊളിച്ചു നീക്കിയിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ അടുത്ത കെട്ടിടം കൂടി പൊളിച്ചു നീക്കുന്നതോടെ അദ്ധ്യയനത്തിന് ക്ലാസ് മുറികളുടെ അപര്യാപ്തതയുണ്ടാവും. നിലവിൽ ചില മുറികൾ രണ്ടായി തിരിച്ചാണ് ക്ലാസ് നടത്തുന്നത്. കെട്ടിടം പൊളിച്ചുനീക്കുന്നതോടെ ഏകദേശം 12 ക്ലാസ് മുറികളുടെ കുറവുണ്ടാകും. 1922ൽ സ്ഥാപിതമായ സ്‌കൂളിൽ പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളുണ്ട്. എസ്.എസ്.എൽ.സിക്ക് തുടർച്ചയായി ആറാം വർഷവും 100 ശതമാനവും പ്ലസ്‌ടുവിന് 80 ശതമാനവും വിജയം കൈവരിക്കുന്ന സ്‌കൂളിൽ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് കൂടുതലുള്ളത്.

സമരപ്രഖ്യാപന കൺവെൻഷൻ നാളെ

സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ പുതിയ കെട്ടിടം നിർമ്മിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തും. പുത്തൻതുറ ഗവ. എ.എസ്.എച്ച്.എസ്.എസിന്റെ മുൻവശത്ത് നാളെ രാവിലെ 10ന് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. പ്രശ്‌ന പരിഹാരമുണ്ടാവുന്നതു വരെ നീളുന്ന സമരത്തിൽ രക്ഷാകർത്താക്കളും രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പ്രവർത്തകരും പൂർവ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ സുമേഷ്, ചെയർമാൻ ഡി. ദീപു, അനിൽകുമാർ, ആശ സജീവ് എന്നിവർ അറിയിച്ചു.