തങ്കശേരിയിൽ ബോട്ട് നിർമ്മാണ ഫാക്ടറിക്ക് സാദ്ധ്യത തെളിയുന്നു
കൊല്ലം: തങ്കശേരിയിൽ ബോട്ട് നിർമ്മാണ ഫാക്ടറിക്ക് സാദ്ധ്യത തെളിഞ്ഞതോടെ പദ്ധതിയുടെ വിശദ രൂപരേഖ തയ്യാറാക്കുന്നതിന് തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്താൻ ഫിഷറീസ് ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി.
തങ്കശേരി ലൈറ്റ് ഹൗസിന് സമീപം ഒഴിഞ്ഞുകിടക്കുന്ന 20 ഏക്കറിൽ മത്സ്യബന്ധന, യാത്രാബോട്ടുകളുടെ നിർമ്മാണശാലയാണ് ലക്ഷ്യമിടുന്നത്. ഏകദേശം 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 100 പേർക്കെങ്കിലും നേരിട്ട് ജോലി പ്രതീക്ഷിക്കുന്നുണ്ട്. വൻകിട കമ്പനികളുടെ സാങ്കേതിക സഹായത്തോടെ ഫാക്ടറി മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിൽ ഇടത്തരം ബോട്ടുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വിശ്വസനീയ സ്ഥാപനമില്ല. കൊച്ചിൻ ഷിപ്പ് യാർഡിൽ വലിയ യാനങ്ങൾ മാത്രമാണ് നിർമ്മിക്കുന്നത്. ഫിഷറീസ് വകുപ്പ് നേരത്തെ മറൈൻ ആംബുലൻസുകളുടെ നിർമ്മാണത്തിന് കൊച്ചിൻ ഷിപ്പ് യാർഡിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവർക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലാത്തതിനാൽ നിർമ്മാണം ഏറെ നീണ്ടു. ജലഗതാഗത വകുപ്പിന്റെ പല പദ്ധതികളും സമാനമായ തരത്തിൽ വൈകുന്നുണ്ട്.
ബോട്ടുകളുടെ ഫിറ്റ്നസും കാലപരിധിയും കർശനമാക്കിയ സാഹചര്യത്തിൽ പുതിയ ബോട്ടുകളുടെ നിർമ്മാണത്തിന് കൂടുതൽ സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉൾനാടൻ ജലാശയങ്ങളിലും ഇടത്തരം ബോട്ടുകൾക്ക് ഏറെ വേണ്ടിവരും.
പരീക്ഷിക്കാൻ ഏറെ
പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോഴും ബോട്ടുകൾ നിർമ്മിക്കുന്നത്. ഡീസലിന് പകരം സി.എൻ.ജി അടക്കമുള്ള വില കുറഞ്ഞതും മലിനീകരണ സാദ്ധ്യത ഇല്ലാത്തതുമായ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ബോട്ടുകളുടെ നിർമ്മാണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മത്സ്യം കേടാകാതിരിക്കാൻ ഐസ് കട്ടകൾക്ക് പകരം ഫ്രീസർ, അപകട സാദ്ധ്യത സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം, മത്സ്യസമ്പത്തിനെ കൂടുതൽ ബാധിക്കാത്ത തരത്തിലുള്ള നൂതന മത്സ്യബന്ധന രീതികൾ എന്നിവയുടെ പരീക്ഷണവും ആലോചിക്കുന്നു.