കരുനാഗപ്പള്ളി: ലാലാജി - പണിക്കർ കടവ് റോഡിൽ കുണ്ടും കുഴികളും വെള്ളക്കെട്ടും മാത്രം. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് ഇതുവഴി പോകുന്ന യാത്രക്കാർ. തറയിൽമുക്ക് മുതൽ പടിഞ്ഞാറോട്ടാണ് കുഴികൾ വ്യാപകമായുള്ളത്. മഴ ശക്തമായതോടെ അപകടങ്ങളും പെരുകുന്നു. റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്ന മഴ വെള്ളമാണ് മറ്റൊരുവില്ലൻ. ഇരു ചക്ര വാഹനങ്ങളാണ് മഴവെള്ളക്കെട്ടിൽ വീഴുന്നത്.
തിരക്കേറിയ റോഡ്
കരുനാഗപ്പള്ളിയിലെ ഏറ്റവും ജനത്തിരക്കേറിയ റോഡുകളിൽ ഒന്നാണ് ലാലാജി- പണിക്കർ കടവ് റോഡ്. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തെക്കൻ മേഖലകളെ കരുനാഗപ്പള്ളി ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ചവറ ഐ.ആർ.ഇയും ടൈറ്റാനിയം ഫാക്ടറിയും പണ്ടാരതുരുത്ത് , വെള്ളനാതുരുത്ത് മേഖലകളിൽ നിന്ന് ഖനനം ചെയ്യുന്ന കരിമണൽ ലോറികളിൽ കയറ്റിക്കൊണ്ട് പോകുന്നത് പണിക്കർകടവ് റോഡ് വഴിയാണ്. കൂടാതെ നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ഇതു വഴി സർവീസ് നടത്തുന്നു. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്കുള്ള വാഹനങ്ങളും ഇതു വഴി പോകാറുണ്ട്.
പൊതുമരാമത്ത് വകുപ്പ് കനിയണം
ഒന്നര പതിറ്റാണ്ടിന് മുമ്പാണ് റോഡ് അവസാനമായി നവീകരിച്ചത്. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ചായിരുന്നു പുനർ നിർമ്മാണം. ലാലാജി മുതൽ പണിക്കർകടവ് വരെ 4 കിലോമീറ്ററോളം ദൈർഘ്യം വരും. റോഡിന്റെ ഇരു വശങ്ങളിലും സ്കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡിലെ കുഴികളെങ്കിലും അടയ്ക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.