കൊല്ലം: നഗരത്തിൽ പലേടത്തും കാടു മൂടിയതും സ്ളാബുകൾ പൊട്ടിപ്പൊളിഞ്ഞതുമായ നടപ്പാതകൾ കാൽനടയാത്രികരെ കെണിയിലാക്കിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. മാസങ്ങളായി 'തൽസ്ഥിതി' തുടരുന്ന ഇവയുടെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനു മുമ്പ് നടത്തിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുങ്ങും.
ചില സ്ഥലങ്ങളിൽ കാട് മൂടിയ ഫുട്പാത്തിലൂടെ ഇഴജന്തുക്കളെ ഭയന്ന് യാത്ര ചെയ്യേണ്ടി വരുന്നു. റെയിൽവേ സ്റ്റേഷൻ- കടപ്പാക്കട റോഡിലെ നടപ്പാതയാണ് കാടു മൂടിയത്. സമീപമുളള റെയിൽവേ ഭൂമിയും കാടു നിറഞ്ഞു കിടക്കുകയാണ്. മാത്രമല്ല, ഇഴജന്തുക്കളുടെ ശല്യവുമേറെ. റെയിൽവേ സ്റ്റേഷന് മുന്നിലുളള റോഡിൽ സ്ളാബുകൾ ഇളകിക്കിടക്കുന്നു. റെയിൽവേ സ്റ്റേഷൻ- ചിന്നക്കട റോഡിലെ റെയിൽവേ ഓവർ ബ്രിഡ്ജിലും അങ്ങിങ്ങ് സ്ളാബുകൾ ഇളകിയിട്ടുണ്ട്. അവശ്യത്തിന് ലൈറ്റുകൾ ഇല്ലാത്തതിനാൽ സന്ധ്യ മയങ്ങിയാൽ പാലത്തിൽ ഇരുൾ നിറയും.
രാത്രി പാലത്തിലെ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അപകടമുണ്ടാവാം. ഒന്നുകിൽ സ്ളാബുകൾ ഇളകിയ ഓടയിൽ വീഴാം, അല്ലെങ്കിൽ സമീപത്തെ കാട്ടിൽ നിന്ന് എത്താവുന്ന ഇഴ ജന്തുക്കളുടെ കടിയേൽക്കാം. എസ്.എൻ കോളേജ് ഭാഗം മുതൽ പോളയത്തോടു വരെ ദേശീയപാതയിലെ ഓടകൾ പൂർണമായും തകർന്നു കിടക്കുന്ന അവസ്ഥയാണ്. പലേടത്തും സ്ളാബുകളില്ല. ചവിട്ടിയാൽ സ്ളാബുകൾ തെന്നിമാറും. വാഹനങ്ങളുടെ തിരക്കേറെയുള്ള ഭാഗമായതിനാൽ കാൽനട യാത്രക്കാർ കൂടുതലായും നടപ്പാതകളെയാണ് ആശ്രയിക്കുന്നത്. വിവിധ കോളേജുകളിൽ നിന്നുളള നൂറുകണക്കിന് വിദ്യാർത്ഥികളും ഈ നടപ്പാത ഉപയോഗിക്കുന്നു.
........................................
1. ചിന്നക്കട - കൊച്ചുപിലാംമൂട് റോഡിൽ നടപ്പായതിൽ ഇളകിയ ടൈലുകൾ
2. ഓട നന്നാക്കാൻ ഇളക്കിയിട്ട ടൈലുകൾ നടപ്പാതയിൽ നിരന്നു കിടക്കുന്നു
3. മുറിച്ചു മാറ്റിയ മരങ്ങൾ നടപ്പാതയിൽ കൂട്ടിയിട്ടും മാർഗ തടസം .
4. നടപ്പാതയിലെ കമ്പിവേലികൾ പലേടത്തും തകർന്നു
5. വഴിയടച്ച് വഴിയോര കച്ചവടവും
...............................
നഗരത്തിലെ നടപ്പാതകൾ പലതും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. നടപ്പാതയിലൂടെ ധൈര്യപൂർവം നടക്കാൻ കഴിയുന്നില്ല
സുനിൽ കുമാർ, യാത്രക്കാരൻ