
രക്ഷാകർത്താവിന്റെ പരാതിയിൽ കേസ്
പരിശോധന നടത്തിയത് സ്വകാര്യ ഏജൻസി
കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ നൂറോളം വിദ്യാർത്ഥിനികളുടെ അടിവസ്ത്രം, മെറ്റൽ ഡിറ്റക്ടറിലെ ബീപ് ശബ്ദത്തിന്റെ പേരിൽ നിർബന്ധിച്ച് അഴിച്ചു വയ്പിച്ച പ്രാകൃത നടപടിയിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. രണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ച തിന് പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടി. സ്വമേധയാ കേസെടുത്ത സംസ്ഥാന യുവജന കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചുമതലപ്പെടുത്തിയ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് മാർഗ്ഗനിർദ്ദേശത്തിന്റെ മറവിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. ശൂരനാട് ചക്കുവള്ളി സ്വദേശി പെൺകുട്ടിയുടെ പിതാവ് റൂറൽ എസ്.പിക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജന സംഘടനകൾ കോളേജിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ചടയമംഗലം വനിതാ എസ്.ഐ പ്രിയയുടെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഊരി മാറ്റിയ വസ്ത്രങ്ങൾ ഒരു മുറിയിൽ കൂട്ടിയിട്ടെന്നും പരീക്ഷ തീരുംവരെ ധരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. പെൺകുട്ടികൾക്ക് ആത്മാഭിമാനത്തിന് പോറലേറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ടു. നന്നായി പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്നും രക്ഷാകർത്താക്കൾ ആരോപിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 5.20 വരെയായിരുന്നു പരീക്ഷ. പല കേന്ദ്രങ്ങളിലും അഞ്ഞൂറിന് മുകളിൽ കുട്ടികളുണ്ടായിരുന്നു. രാവിലെ 11 മുതലാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഇലക്ട്രോണിക്, മെറ്റൽ ഉപകരണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ദേഹപരിശോധന. അടിവസ്ത്രത്തിൽ മെറ്റൽ ബക്കിൾ കണ്ടെത്തിയപ്പോൾ ഇളക്കി മാറ്റാൻ അനുവദിക്കാതെ അടിവസ്ത്രം പൂർണമായും അഴിച്ചുമാറ്റിച്ചു. പെൺകുട്ടികളെ വനിതകളും ആൺകുട്ടികളെ പുരുഷന്മാരുമാണ് പരിശോധിച്ചത്. ധരിക്കാവുന്ന വസ്ത്രങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നേരത്തെ മാർഗ്ഗനിർദ്ദേശം നൽകാറുണ്ട്. ഇതിന്റെ ബലത്തിലാണ് കുട്ടികളെ അപമാനിച്ചത്.
വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന
നടപടി: മനഃശാസ്ത്രജ്ഞൻ
കൊല്ലത്തുണ്ടായത് കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും ഹനിക്കുന്ന അനുഭവമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ പറഞ്ഞു. അപ്രതീക്ഷിതമായി ഇത്തരം അനുഭവം ഉണ്ടാകുന്ന കുട്ടിക്ക് അമിതമായ ഉത്കണ്ഠയുണ്ടാകും. ഇത് ചോദ്യം വായിച്ച് മനസിലാക്കുന്നതിനും ശരിയായ ഉത്തരം എഴുതുന്നതിനും തടസമാകും. പരീക്ഷാ ഫലത്തെ ഇത് സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ കുറേ നാളത്തെ പരിശ്രമം വിഫലമായതിലെ മനോവേദന അസ്വസ്ഥപ്പെടുത്താനുമിടയുണ്ട്. വീട്ടുകാർ മാനസിക പിന്തുണ നൽകണം.
-
കുട്ടികൾക്ക് മാനസികമായുണ്ടായ ആഘാതം പരീക്ഷയെ ബാധിച്ചേക്കും. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
- മന്ത്റി
കോളേജിൽ കരഞ്ഞു നിന്ന മകളോട് വിവരം തിരക്കിയ അദ്ധ്യാപകനാണ് എന്നെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്. ഭാര്യയുടെ ചുരിദാറിന്റെ ഷാൾ നൽകി സമാധാനിപ്പിച്ച് പരീക്ഷയെഴുതിച്ചു. അവൾ അസ്വസ്ഥയാണ്.
പരാതി നൽകിയ രക്ഷിതാവ്.
...............................
ഒരാളുടെ പരാതിയാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരീക്ഷ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളത്.
ജി.ഡി. വിജയകുമാർ, ഡിവൈ.എസ്.പി, കൊട്ടാരക്കര
..............................
ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ പരാതിപ്പെടാനുള്ള സംവിധാനം ഓരോ പരീക്ഷാ കേന്ദ്രത്തിലുമുണ്ട്. പരാതി വാസ്തവമാണെങ്കിൽ കർശന നടപടിയെടുക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെടും
എൻ.ജി. ബാബു, നീറ്റ് പരീക്ഷ
കൊല്ലം ജില്ലാ കോ- ഓർഡിനേറ്റർ