കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ചു. വികസനത്തിനു നടപ്പാക്കുന്ന പദ്ധതികളുടെയും പുതിയ കെട്ടിട നിർമ്മാണത്തിനായി പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെയും വിശദാംശങ്ങൾ സംഘം ശേഖരിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുകുന്ദന്റെ നേത്യത്വത്തിലായിരുന്നു സന്ദർശനം.

റെയിൽവേ പരിശീലന കേന്ദ്രം, ഓഫീസ് കെട്ടിടങ്ങൾ, ബുക്കിംഗ്, റിസർവേഷൻ, ഇൻഫർമേഷൻ, എൻക്വയറി കേന്ദ്രങ്ങൾ, വിശാലമായ പർക്കിംഗ്, അപ്രോച്ച് റോഡുകളുടെ വികസനം, കവാടം, ചുറ്റുമതിൽ, ഡിജിറ്റൽ ഡിസ് പ്ളേ ബോർഡുകൾ, പാഴ്സൽ ഓഫീസ് കോംപ്ളക്സ് തുടങ്ങി 300 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. ഉപാസന ആശുപത്രിയുടെ എതിർവശത്തണ് ട്രെയിനിംഗ് സെന്ററിനായി സ്ഥലം കണ്ടെത്തുന്നത്. റെയിൽവേയുടെ വിവിധ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന മെക്കാനിക്കൽ, അക്കൗണ്ട്സ്, എൻജിനീയറിംഗ്, ട്രാഫിക് പരിശീലന വീഭാഗങ്ങൾ ഒരു കെട്ടിടത്തിലേക്ക് മാറ്റും വിധമാണ് പുതിയ ട്രെയിനിംഗ് സെന്റർ.

 ചീനക്കൊട്ടാരം നിലനിറുത്തും

റെയിൽവേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാകുമ്പോൾ ചീനക്കൊട്ടാരം ചരിത്രസ്മാരകമായി നിലനിറുത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1904ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ കൊല്ലം റയിൽവേ സ്റ്റേഷൻ നിർമ്മാണത്തോടനുബന്ധിച്ച് നിർമ്മിച്ചതാണ് കൊട്ടാരം. പരമ്പരാഗത ചൈനീസ് വീടുകളുമായി സാദൃശ്യം തോന്നുംവിധം ചുവന്ന സോംബ്രേ ഇഷ്ടികകളാണ് കൊട്ടാരം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സംരക്ഷണമില്ലാതായ കെട്ടിടത്തിന്റെ പല ഭാഗങ്ങളും നാശോൻമുഖമായി.