കൊല്ലം: കുഴിയടച്ചത് വെറുതെയായി. പുത്തൂർ ടൗണിൽ വീണ്ടും യാത്രാദുരിതം. മണ്ഡപം ജംഗ്ഷനിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. മഴവെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ തീർത്തും ബുദ്ധിമുട്ടിലായി. 'പുത്തൂരിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും' എന്ന തലക്കെട്ടോടെ മേയ് മാസത്തിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് കുഴിയടച്ച് തകർന്ന ഭാഗങ്ങളിൽ ടാറിംഗ് നടത്തി പരിഹാരമുണ്ടാക്കി. എന്നാൽ ഒരു മാസം പിന്നിട്ടപ്പോഴേക്കും വീണ്ടും ഇവിടെ റോഡ് തകർന്നു.
സംഘർഷങ്ങളും വാക്കേറ്റങ്ങളും പതിവ്
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള മുഴുവൻ വിദ്യാർത്ഥികളും വന്നുപോകുന്ന ജംഗ്ഷനിലാണ് റോഡിന്റെ ദുരിതാവസ്ഥ. വിദ്യാർത്ഥികളുടേതടക്കം വഴിയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ഇതേച്ചൊല്ലിയുള്ള സംഘർഷങ്ങളും വാക്കേറ്റങ്ങളുമൊക്കെ ആവർത്തിക്കുകയാണ്.
പാതിവഴിയിൽ ഉപേക്ഷിച്ച്
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.