കൊല്ലം: ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളുടെ 2022 - 23 വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. കൊട്ടാരക്കര നഗരസഭയിലെ 27-ാം വാർഡ് രാജ്യത്ത് ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.15 ഗ്രാമപഞ്ചായത്തുകളും 10 ബ്ലോക്ക് പഞ്ചായത്തുകളുമാണ് പദ്ധതി സമർപ്പിച്ചത്. മറ്റ് തദ്ദേശസ്ഥാപനങ്ങൾ ജൂലായ് 27നകം പദ്ധതി സമർപ്പിച്ച് 30നകം അംഗീകാരം വാങ്ങണം. സർക്കാർ നോമിനി എം. വിശ്വനാഥൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന തുടങ്ങിയവർ പങ്കെടുത്തു.