എ.ഐ.വൈ.എഫ്, കെ.എസ്.യു പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫും കെ.എസ്.യുവും പരീക്ഷാകേന്ദ്രമായിരുന്ന ആയൂർ മാർത്തോമ കോളേജിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സന്ദീപ് അർക്കന്നൂർ, മണ്ഡലം പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.വൈ.എഫ് മാർച്ച് കോളേജിന്റെ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. കോളേജിന്റെ മതിൽക്കെട്ട് ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
റിപ്പോർട്ട് ആവശ്യപ്പെട്ട് യൂത്ത് കമ്മിഷൻ
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ നടത്തുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് മാർത്തോമ കോളേജിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ഭാർഗ്ഗവൻ അറിയിച്ചു. വിദ്യാർത്ഥിനികളുടെ ഉപരിപഠനം പ്രതിസന്ധിയിലാക്കിയവർക്കെതിരെ കർശന നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.