ചവറ: കായലും ഓരങ്ങളും ഇല്ലാതാവുകയാണ്. ഒരുഭാഗത്ത് എക്കൽമണ്ണ് അടിഞ്ഞുകൂടുമ്പോൾ മറുഭാഗത്ത് ആളുകളുടെ കൈയ്യേറ്റങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. അഷ്ടമുടിക്കായലിലെ ചവറ തെക്കുംഭാഗം പള്ളിക്കോടി ഭാഗത്തും ദളവാപുരത്തും നീണ്ടകരയിലും സമീപപ്രദേശങ്ങളിലുമാണ് കായലിനും ഓരങ്ങൾക്കും ഈ ദുരവസ്ഥ. എന്നാൽ ഇതൊന്നും കണ്ടിട്ട് നടപടിയെടുക്കാതെ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ് അധികൃതർ.
വംശനാശ ഭീഷണിയിൽ ചെറു മത്സ്യങ്ങൾ
മണ്ണ് അടിഞ്ഞുകൂടൂന്നതും കൈയ്യേറ്റങ്ങളും കായലിന്റെ നീരൊഴുക്ക് കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒറത്ത, കൂഴാലി, കൊഞ്ച്, കക്ക തുടങ്ങിയ ചെറുമത്സ്യങ്ങളും ഞണ്ടുമൊക്കെ വംശനാശ ഭീഷണി നേരിടുകയാണ്. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുമ്പോൾ ഇടത്തോടുകളിൽ വരെ ഒഴുക്കിനൊപ്പം ചെറുമത്സ്യങ്ങൾ എത്തുമായിരുന്നു. ആ കാഴ്ച ഇപ്പോൾ കാണാനില്ല.
മലിനമാക്കി കായൽ
കണവയും കൊഞ്ചും പ്രോസസിംഗ് ചെയ്യുന്ന സെന്ററുകളിൽ (ഷെഡ്) നിന്ന് തള്ളുന്ന കണവ മഷിയും മറ്റ് അവശിഷ്ടങ്ങളും കായലിൽ തള്ളുന്നതും കക്കൂസ് മാലിന്യങ്ങൾ കായലിലേക്ക് ഒഴുക്കിവിടുന്നതും കായലിനെ മലിനമാക്കുന്നു.
വരുമാന മാർഗം ഇല്ലാതായി
ചീനവലക്കാർ, കോരുവലക്കാർ, കുറ്റിവലക്കാർ, വീശുവലക്കാർ തുടങ്ങി പരമ്പരാഗതമായി മത്സ്യ ബന്ധനം നടത്തുന്നവർക്ക് വരുമാന മാർഗം ഇല്ലാതായി. ഇടക്കായലുകൾ മിക്കതും നീരൊഴുക്കില്ലാതെ ഓടയുടെ രൂപത്തിലായി. ടി.എസ് കനാലിൽ നിന്ന് ഒഴുകിയെത്തിയ കുളവാഴയും മാലിന്യങ്ങളും ദളവാപുരം ചെറിയപാലത്തിന് സമീപം കുന്നുകൂടി അവിടെയും കായൽ നികന്ന് തുടങ്ങി.
അഷ്ടമുടിക്കായലിൽ പള്ളിക്കോടി, ദളവാപുരം, നീണ്ടകര ഭാഗങ്ങളിൽ രൂപപ്പെട്ട വലിയ മൺതിട്ടകൾ ട്രഡ്ജിംഗ് നടത്തിയെങ്കിൽ മാത്രമേ നീക്കാനാകൂ. മാത്രമല്ല മാലിന്യങ്ങൾ കായലിലേക്ക് തള്ളുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കാനും അധികൃതർ തയ്യാറാകണം.
മത്സ്യത്തൊഴിലാളികൾ