എഴുകോൺ : സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിക്കുകയാണ് എഴുകോൺ എക്സൈസ് ഓഫീസ്. സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. ദേശീയ പാതയോരത്തെ ഒരു വീട് വാടകയ്ക്കെടുത്തതാണ് നിലവിലെ ഓഫീസ്. സ്വീപ്പർ ഉൾപ്പെടെ 17 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 5 പേർ സ്ത്രീകളും.പരിമിതികൾ ഏറെയുള്ള ഈ കെട്ടിടത്തിൽ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
പുറമ്പോക്ക് ഭൂമി കിട്ടിയാൽ
ഇപ്പോഴത്തെ കെട്ടിത്തിന് തൊണ്ടിയായുള്ള സാധന സാമഗ്രികളുടെയും വാഹനങ്ങളുടെയും സൂക്ഷിപ്പിന് സ്ഥല പരിമിതിയുണ്ട്. ഏതു നിമിഷവും കെട്ടിടം ഒഴിഞ്ഞു നൽകേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. കുറഞ്ഞത് 30 സെന്റെങ്കിലും വരുന്ന റവന്യൂ, കെ.ഐ.പി. പുറമ്പോക്കുകൾ കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് അധികൃതർ.
വാടക കെട്ടിടങ്ങൾ മാറി മാറി
ഒന്നര ദശാബ്ധം മുൻപാണ് എഴുകോണിൽ എക്സൈസ് ഓഫീസ് അനുവദിച്ചത്. ഏറെക്കാലം നെടുമൺ കാവ് റോഡിന്റെ ഓരത്ത് പോച്ചംകോണത്തുള്ള വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചത്. അടുത്ത സമയത്താണ് ദേശീയ പാതയോരത്തെ കെട്ടിടത്തിലേക്ക് മാറിയത്.
സ്വന്തം കെട്ടിടം ഉണ്ടാകുന്നത് വരെ അടിയ്ക്കടി വാടക കെട്ടിടങ്ങൾ തേടി അലയേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ.