കൊല്ലം: പെരുമണിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. പെരുമൺ എൻജിനീയറിംഗ് കോളജിന് സമീപം താമസിക്കുന്ന സുബീഷിനാണ് (34) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെ പെരുമൺ യു.പി.എസിന് സമീപത്തെ വളവിലായിരുന്നു അപകടം. അഞ്ചാലുംമൂട്ടിൽ നിന്ന് പെരുമണിലേക്ക് പോയ സ്വകാര്യബസും എതിർദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഈ സമയം അതുവഴിവന്ന സ്‌കൂൾ ബസ് ഡ്രൈവർ പെരുമൺ സ്വദേശി സജീവ് തന്റെ ഓട്ടോറിക്ഷയിൽ സുബീഷിനെ മേവറത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും കാലിനും നട്ടെല്ലിനുമേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.