തൊടിയൂർ: തൊടിയൂർ പഞ്ചായത്തിൽ മൂന്നു വർഷം മുമ്പ് അത്യാധുനിക രീതിയിൽ നിർമ്മിച്ച കോട്ടവീട്ടിൽ ജംഗ്ഷൻ - എസ്.എൻ.വി എൽ.പി.എസ് ജംഗ്ഷൻ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒരു കിലോ മീറ്ററിലേറെ ദൈർഘ്യമുള്ള റോഡിന്റെ പകുതിയോളം ഭാഗങ്ങളിലെ വശങ്ങൾ നിരപ്പാക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. വീതി കുറഞ്ഞ റോഡിൽ ടാറിംഗ് നടത്തിയിട്ടുള്ള ഭാഗത്തേക്കാൾ അര
അടിയിലേറെ താഴ്ന്നു നിൽക്കുകയാണ് വശങ്ങൾ.
അധികൃതർ പരിഗണിക്കുന്നില്ല
ടാറിംഗ് തീരുമ്പോൾ തന്നെ ചെയ്യേണ്ടിയിരുന്ന സൈഡ് ഫില്ലിംഗ് വർഷങ്ങൾ കഴിഞ്ഞിട്ടും ചെയ്തിട്ടില്ല. റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതുപോലുള്ള ഒരു കുഴിയിൽ പതിച്ച് നിയന്ത്രണംവിട്ട ഓട്ടോയിൽ നിന്ന് വീണ സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചു. കരുനാഗപ്പള്ളി എൽ.ഐ.സി ഓഫീസിലേക്ക് പോയ ഇവർ ഓട്ടോയുടെ അടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. റോഡിന്റെ ദു:സ്ഥിതിയും അപകടങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ വാർത്തകൾ വരികയും നാട്ടുകാർ നേരിട്ട് അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടും യാതൊരു പരിഗണനയും ഇല്ല.
അപായ സൂചകമില്ല
അപായ സൂചകമില്ലാത്തതിനാൽ കൂമ്പില്ലാക്കാവ് ക്ഷേത്രത്തിന് കീഴക്ക് ഭാഗത്തെ വളവ് തിരിച്ചറിയാതെ നിരവധി ഇരുചക്രവാഹനയാത്രക്കാർ താഴ്ചയിലേക്ക് വീണ സംഭവങ്ങളുണ്ട്. മാളിയേക്കൽ മേൽപ്പാലം പണി നടക്കുന്നതിനാൽ കരുനാഗപ്പള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങളും ശാസ്താകോട്ട ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. റോഡിലെ ടാറിംഗ് ഇടിഞ്ഞു പോയതറിയാതെ അപരിചിതരായ യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. പി.ബ്ല്യു.ഡി കരുനാഗപ്പള്ളി സെക്ഷൻ പരിധിയിലുള്ള റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.