കൊട്ടാരക്കര : താലൂക്കിൽ പകർച്ചപ്പനി വ്യാപകം. ആശുപത്രികൾ നിറയെ പനി ബാധിച്ചവർ. താലൂക്കിലെ
ഓരോ വീടുകലും പനിപ്പിടിയിലാണ്. ശക്തമായ ചൂടും ശരീരവേദനയും തലവേദനയും കടുത്ത ചുമയുമാണ് ലക്ഷണം. തലകറക്കം, ശരീരവേദന, തളർച്ച വയറിളക്കം എന്നീ ലക്ഷണങ്ങളും പ്രകടമാണ്. വൈറൽ ഫീവറെന്ന് പറയുമ്പോഴും ശ്രവ പരിശോധനക്കോ, രക്ത പരിശോധനക്കോ ആരും തയ്യാറാകുന്നില്ല.
പലവിധ പനികൾ
സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പനി കാരണം ഹാജർ നില കുറയുന്നു. ഡെങ്കിപ്പനി, തക്കാളിപ്പനി, കൊവിഡ്, ഒമിക്രോൺ വകഭേദങ്ങൾ തുടങ്ങിയ തീവ്ര വ്യാപനശേഷിയുള്ള പനിയാണ് പല പ്രദേശങ്ങളിലും പടർന്നു പിടിച്ചിരിക്കുന്നത്. താലൂക്കാശുപത്രിയിൽ പകർച്ചപ്പനിക്കു മരുന്നുതേടി എത്തുന്നവരുടെ നീണ്ട നിര രാവിലെ തന്നെയുണ്ട്. തിക്കി തിരക്കി നിൽക്കുന്ന ആൾക്കൂട്ടത്തിൽ വൈറൽ ഫീവറുമായെത്തുന്ന രോഗിക്ക് ചിലപ്പോൾ ഡെങ്കിപ്പനിയോ കൊവിഡോ ബോണസായി കിട്ടിയേക്കാം.
സാമൂഹ്യ അകലം മറന്നു
മുൻപ് ശീലമാക്കിയ സാമൂഹ്യ അകലം ഇപ്പോൾ ജനം മറന്ന അവസ്ഥയിലാണ്. പൊലീസിനെയും നിയമത്തെയും ഭയന്ന് ആർക്കോ വേണ്ടി താടിയിൽ മാസ്ക് വച്ചാണ് മിക്കവരും ആശുപത്രികളിൽ പോലും എത്തുന്നത്. താലൂക്കാശുപത്രിയിൽ മാത്രം പ്രതിദിനം അറുന്നൂറോളം പേരാണ് പകർച്ചപ്പനിക്ക് മരുന്നു തേടിയെത്തുന്നത്. ഇതുപോല് താലൂക്കിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിമായി ആയിരക്കണക്കിന് രോഗികളാണ് എത്തിച്ചേരുന്നത്.