college

 20 വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർക്കും ഏഴ് പൊലീസുകാർക്കും ഒരു മാദ്ധ്യമ പ്രവർത്തകനും പരിക്ക്

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ ആയൂർ മാർത്തോമ കോളേജ് യുദ്ധക്കളമായി. പൊലീസ് ലാത്തിച്ചാർജ്ജിൽ 20 യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്കും ഏഴ് പൊലീസുകാർക്കും ഒരു മാദ്ധ്യമ പ്രവർത്തകനും പരിക്കേറ്റു. കോളേജിന്റെ ജനൽ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. പൊലീസിന് നേരെ കരിഓയിൽ പ്രയോഗവും നടന്നു. രാവിലെ 11.30 മുതൽ വൈകിട്ട് മൂന്നുവരെ കോളേജിന് മുന്നിൽ സംഘർഷാന്തരീക്ഷം നീണ്ടുനിന്നു.

രാവിലെ 11.30 ഓടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിന് പിന്നാലെ എം.എസ്.എഫ്, ഫ്രറ്റേണിറ്റി യൂത്ത്, മഹിളാസംഘം എന്നീ സംഘടനകൾ പ്രതിഷേധ പ്രകടനമായെത്തി. ഉച്ചയ്ക്ക് രണ്ടോടെ എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടെ പൊലീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിഓയിൽ പ്രയോഗം നടത്തി. ഇതിനിടെ കെ.എസ്.യു പ്രവർത്തകർ കോളേജിന്റെ മതിൽചാടി ഉള്ളിൽക്കടന്നു. ഇതോടെ എസ്.എഫ്.ഐക്കാരെ തടഞ്ഞുനിറുത്തിയിരുന്ന പൊലീസ് സംഘം കോളേജിനുള്ളിലേക്ക് പ്രവേശിച്ച് കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തി. ഇതോടെ എസ്.എഫ്.ഐ പ്രവർത്തകരും കോളേജിനുള്ളിൽ കടന്ന് പ്രതിഷേധിച്ചു. ഇതിനിടെ കോളേജിനുള്ളിൽ കടന്ന എ.ബി.വി.പി പ്രവർത്തകർ കോളേജിന്റെ ജനൽചില്ലുകൾ വടികൊണ്ട് അടിച്ചുതകർക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, വീക്ഷണം ലേഖകൻ നസീബ് റഹ്മാൻ എന്നിവരെ പൊലീസ് സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. പൊലീസ് ഏറെ നേരം തടഞ്ഞുവച്ചിരുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനൽചില്ലുകൾ അടിച്ചുതകർത്ത വയനാട് സ്വദേശിയായ എ.ബി.വി.പി പ്രവർത്തകനെ പൊലീസ് സ്ഥലത്ത് നിന്ന് പിടികൂടി റിമാൻഡ് ചെയ്തു. പരിക്കേറ്റ പൊലീസുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.