medi

കൊല്ലം: തൃക്കരുവ കുടുംബാരോഗ്യകേന്ദ്രത്തിൽ കുട്ടികൾക്കും വയോധികർക്കും ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. കുട്ടികളിലധികവും പനി ബാധിച്ചാണ് ഇവിടെ എത്തുന്നത്. ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും പല മരുന്നുകളും കുറിച്ചുനൽകുക മാത്രമാണ് ചെയ്യുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ ശരാശരി ഓരോ കുട്ടിക്കും 300 മുതൽ 350 രൂപ വരെ ചെലവാകുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

വയോധികർക്കാകട്ടെ പ്രമേഹത്തിനുള്ള മരുന്ന് പോലും ഇവിടെ നിന്ന് ലഭിക്കുന്നില്ല. പ്രാക്കുളം, ഞാറയ്ക്കൽ, അഷ്ടമുടി, കരുവ, ഇഞ്ചവിള, വന്മള തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ കൂടുതലായും ആശ്രയിക്കുന്നത് തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തെയാണ്. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഈ പ്രദേശങ്ങളിൽ അധികവും. എന്നാൽ, കൃത്യമായ മരുന്ന് വിതരണം ആരോഗ്യകേന്ദ്രത്തിലൂടെ നടക്കുന്നില്ലെന്ന് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു.

ക്ഷാമം താത്കാലികം

പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് മരുന്ന് വിതരണത്തിൽ പ്രതിസന്ധിയുണ്ടായതെന്നാണ് ആരോഗ്യകേന്ദ്രം അധികൃതരുടെ വിശദീകരണം. രോഗിയുമായി എത്തുന്നവരോട് മരുന്ന് പുറത്തു നിന്ന് വാങ്ങേണ്ടിവരുമെന്ന് മുൻകൂട്ടി അറിയിക്കുന്നുണ്ട്.

പതിവ് പോലെ സ്റ്റോക്ക് എത്തിയിരുന്നതാണ്. എന്നാൽ, ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഓൺലൈൻ സ്റ്റോക്ക് രജിസ്റ്ററിൽ മരുന്നുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് ഓർഡർ നൽകുകയും മരുന്നുകൾ എത്തിക്കുകയും ചെയ്യാറുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

മരുന്ന് കിട്ടിയില്ല, യുവാവിന്റെ പ്രതിഷേധം

തന്റെ കുട്ടിക്ക് മരുന്ന് കിട്ടാത്തതിന്റെ പേരിൽ പ്രാക്കുളം പള്ളാപ്പിൽ സ്വദേശിയായ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. കുറിപ്പടിയിലെ അഞ്ചോളം മരുന്നുകളിൽ ഒന്നുപോലും കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിയിൽ നിന്ന് ലഭിച്ചില്ലെന്ന് യുവാവ് പറഞ്ഞു. ഇന്നലെ രാവിലെ 11 ഓടെയാണ് പ്രതിഷേധം അരങ്ങേറിയത്. മരുന്ന് എത്തിച്ചുനൽകാമെന്ന് അധികൃതർ പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടുണ്ടെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകുമെന്നും യുവാവ് പറഞ്ഞു.