pho
ആര്യങ്കാവ് പഞ്ചായത്തിലെ ഫ്ലോറൻസ് 9ഏക്കറിൽ ഇറങ്ങിയ കാട്ടാന കൂട്ടം കുത്തി മറിച്ചിട്ട തെങ്ങുകൾ

പുനലൂർ: ആര്യങ്കാവിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഫ്ലോറൻസ് മുരിക്കിൻ കാട് സ്വദേശിയായ ഭാഗ്യം, ഇടപ്പാളയം സ്വദേശിനികളായ ജനാർദ്ദനൻ, ജോസ് തുടങ്ങിയവരുടെയും 9 ഏക്കറിലെ താമസക്കാരുടെയും കാർഷിക വിളകളാണ് നശിപ്പിച്ചത്. തിങ്കാഴ്ച രാത്രിയോടെയായിരുന്നു കാട്ടാനകൾ ഇറങ്ങിയത്. രാത്രി 8ന് മുരിക്കിൻകാട് സ്വദേശിനിയായ ഭാഗ്യയുടെ പുരയിടത്തിൽ ഇറങ്ങിയ നാല് കാട്ടാനകൾ തെങ്ങ്, കമുക്, വാഴ തുടങ്ങിയവ കുത്തി മറിച്ചിട്ടു. താമസക്കാർ വിരട്ടി ഓടിച്ച കാട്ടാനകൾ പുലർച്ചെ 2നാണ് വനത്തിൽ കയറി പോയത്. രാത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ താമസക്കാർ ഭയന്നാണ് വീടുകൾക്കുള്ളിൽ ഇരുന്നത്. വനാതിർത്തിയോട് ചേർന്ന പുരയിടത്തിന് ചുറ്റും ഇരുമ്പ് വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പൊളിച്ചാണ് കാട്ടാനകൾ വരുന്നതെന്ന് ഭാഗ്യയുടെ മകൾ ടാപ്പിംഗ് തൊഴിലാളിയായ സരസ്വതി പറഞ്ഞു. .പുലർച്ചെ ടാപ്പിംഗിന് പോകാൻ പോലും തോട്ടം തൊഴിലാളികൾ ഭയപ്പെടുകയാണ്. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ സൗരോർജ്ജ വൈദ്യുതി വേലി സ്ഥാപിച്ചാൽ കാട്ടാനയുടെ ശല്യം കുറയുമെന്നാണ് ഫ്ലോറൻസ് നിവാസികൾ പറയുന്നത്.