road
തകർന്നുകിടക്കുന്ന കുണ്ടറ- മൺറോത്തുരുത്ത് റോഡ്

കൊല്ലം: കുണ്ടറ- മൺറോത്തുരുത്ത് റോഡിന്റെ കഷ്ടകാലം അടുത്തകാലത്തൊന്നും തീരുന്ന മട്ടില്ല. നാലുവർഷം പണിതിട്ടും തീരാത്ത റോഡിന്റെ അറ്റകുറ്റപ്പണിക്കായി 40.17 ലക്ഷം അനുവദിച്ചെങ്കിലും കരാറെടുക്കാൻ ആളില്ല. ജൂൺ 17ന് നടന്ന ആദ്യ ടെൻണ്ടറിൽ കരാറുകാർ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ടെൻണ്ടറിൽ 35 ശതമാനം തുക ഉയർത്തി ഒരാൾ ക്വട്ടേഷൻ നൽകിയെങ്കിലും കരാർ നൽകാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. ഇതേതുടർന്ന്, എസ്റ്റിമേറ്റിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി വീണ്ടും ടെൻണ്ടർ ക്ഷണിക്കാനുളള നീക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്.

നാലുവർഷത്തോളം പണിചെയ്തിട്ടും ജോലികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു

പോയ കരാറുകാരനെ റോഡ് ഫണ്ട് ബോർഡ് കഴിഞ്ഞ ഏപ്രിലിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് മാത്രമായി

40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻണ്ടർ ക്ഷണിച്ചത്.

ദുരിതത്തിന്റെ

മൂന്നുകിലോമീറ്റർ

വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ദിവസേന സഞ്ചരിക്കുന്ന റോഡാണ് കുണ്ടറ- മൺറോത്തുതുരുത്ത്. 2018ൽ നിർമ്മാണം ആരംഭിച്ച 17 കിലോമീറ്റർ റോഡിൽ മൂന്ന് കിലോമീറ്റർ ഒഴിച്ചുളള ഭാഗം ഭാഗീകമായി പൂർത്തിയാക്കിയിരുന്നു. ഈ മൂന്നു കിലോമീറ്റർ ദൂരമാണ് കാൽനട പോലും കഴിയാത്ത വിധം തകർന്നുകിടക്കുന്നത്.

......................................


 റോഡ് പണി ആരംഭിച്ചത് : 2018

 ദൈർഘ്യം : 17 കി.മീറ്റർ

 കരാർ തുക : 23.9 കോടി

..........................................

അറ്റകുറ്റപ്പണികൾ അടുത്ത ദിവസം തന്നെ റീടെൻണ്ടർ ചെയ്യും. റോഡിന്റെ മൊത്തത്തിലുളള ജോലികൾ പൂർത്തിയാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വൈകാതെ ടെൻണ്ടർ നടപടികളിലേക്ക് കടക്കും.

ബി.ശ്രീകുമാർ,

എക്സി.എൻജിനീയർ,

കെ.ആർ.എഫ്.ബി,കൊല്ലം