
കുരുക്ക് കിലോമീറ്ററുകൾ നീണ്ടിട്ടും പൊലീസ് കണ്ടില്ല
ആംബുലൻസ് സഞ്ചരിച്ചത് വലതുവശത്തുകൂടി
കൊല്ലം: വാഹനം മറികടക്കുന്നതിനിടെ ബസുകൾ തമ്മിൽ ഉരഞ്ഞതിനെ തുടർന്ന് സ്വകാര്യബസ് ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞിട്ടു. ഗതാഗത കുരുക്കുണ്ടായതിനെ തുടർന്ന് അതുവഴിയെത്തിയ ആംബുലൻസിന് മീഡിയന് വലതുവശത്തുകൂടി സഞ്ചരിക്കേണ്ടി വന്നു.
നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ കോൺവെന്റ് ജംഗ്‌ഷനിലായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് തടഞ്ഞിട്ടത്. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോവുകയായിരുന്ന ശ്രീശിവൻ ബസ് കോൺവെന്റ് ജംഗ്‌ഷനിൽ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തുന്നതിനിടെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഉരയുകയായിരുന്നു.
ഉടൻ സ്വകാര്യ ബസ് ജീവനക്കാർ പുറത്തിറങ്ങി കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കയറിനിന്നു. ബസ് സൈഡിലേക്ക് ഒതുക്കിനിറുത്തി സംസാരിക്കാമെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പറഞ്ഞെങ്കിലും ജീവനക്കാർ ചെവിക്കൊണ്ടില്ല. തർക്കം 15 മിനിട്ടോളം പിന്നിട്ടതോടെ യാത്രക്കാർ ഇടപെട്ടു. തുടർന്ന് 2.05 ഓടെയാണ് ബസ് ഒതുക്കിനിറുത്താനായത്.
ഈ സമയം ഗതാഗത കുരുക്ക് ഒരുകിലോമീറ്റർ അകലെ താലൂക്ക് ഓഫീസിന് സമീപം വരെ നീണ്ടു. അതേസമയം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും ഗതാഗതക്കുരുക്കിൽ കുടുങ്ങി. ആംബുലൻസ് ഡ്രൈവർ റോഡ് മീഡിയന് വലതുവശത്തുകൂടി ഒന്നരകിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് യാത്ര തുടർന്നത്. ഇത്രയും സമയം ഗതാഗതകുരുക്കുണ്ടാക്കിയെങ്കിലും സ്വകാര്യബസ് ജീവനക്കർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
സ്വകാര്യ ഗുണ്ടായിസം നടുറോഡിൽ
1. ബസ് ബേയിൽ നിറുത്താതെ റോഡിന് നടുവിൽ നിറുത്തി യാത്രക്കാരെ കയറ്റുക
2. ഇരുചക്രവാഹനങ്ങൾ പോലും കടത്തിവിടാതിരിക്കുക
3. യാത്രക്കാരുടെ മുന്നിൽ അസഭ്യവർഷവും അടിപിടിയും
4. കെ.എസ്.ആർ.ടി.സി ബസുകൾ തടയൽ, മുന്നിൽ കയറ്റി നിറുത്തൽ
5. യാത്രക്കാരോട് അപമര്യാദയായി പെരുമാറ്റം
6. സിഗ്‌നലുകളിലും ട്രാഫിക്ക് റൗണ്ടിലും നിർബന്ധിച്ച് യാത്രക്കാരെ ഇറക്കൽ
7. ഓട്ടോറിക്ഷക്കാരുമായി നിത്യവും സംഘർഷം
ഒന്നര കിലോമീറ്ററിലേറെ ട്രാഫിക് കുരുങ്ങിയെങ്കിലും പൊലീസ് ഇടപെടാൻ മടിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ സ്ഥിരം പരിപാടിയാണിത്.
യാത്രക്കാർ