railway
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ റെയിൽവേ ക്രോസ്

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽക്രോസിസ് ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർവഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവല്പമെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) സ്ഥലമേറ്റെടുക്കലിന് റെയിൽവേയോട് അനുമതി തേടി. ഓവർബ്രിഡ്ജിലെ റെയിൽ പാളത്തിന്റെ ഭാഗത്തെ രൂപരേഖ അടങ്ങിയ ജനറൽ അറെയ്ഞ്ച്മെന്റ് ഡ്രോയിംഗ് (ജി.എ.ഡി)റെയിൽവേയുടെ പരിഗണനയിലാണ്. ജി.എ.ഡിക്ക് അനുമതി ലഭിച്ച ശേഷം സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നത് ഏറെ കാലതാമസം സൃഷ്ടിക്കും. അത് ഒഴിവാക്കാനാണ് സ്ഥലമേറ്റെടുക്കലിന് മുൻകൂട്ടി അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.

റെയിൽവേ നിർദ്ദേശിച്ച പ്രകാരം മൂന്നാമത് പരിഷ്കരിച്ച ജി.എ.ഡി രണ്ട് മാസം മുമ്പ് ആർ.ബി.ഡി.സി.കെ കൈമാറിയിരുന്നു. ഓവർബ്രിഡ്ജ് മേവറം കാവനാട് പാതയ്ക്ക് കുറുകേ കൂടി കടന്നുപോകുന്നതിനാൽ റെയിൽവേയുടെ നിർദ്ദേശപ്രകാരം ദേശീയപാത അതോറിട്ടിയുടെ എൻ.ഒ.സി കൂടി സമർപ്പിച്ചിട്ടുണ്ട്. റെയിൽലൈൻ ഇരട്ടിപ്പിക്കുന്നതിന്റെയും കാവനാട്- ചിന്നക്കട- മേവറം റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിന്റെയും സാദ്ധ്യത മുന്നിൽ കണ്ട് കൂടുതൽ നീളത്തിൽ പാലം നിർമ്മിക്കുന്ന തരത്തിലുള്ള രൂപരേഖയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

മുന്നിലുണ്ട് മയ്യനാട്

ജില്ലയിലെ മയ്യനാട് റെയിൽവേ ഓവർബ്രഡ്ജിന് ജി.എ.ഡി അംഗീകാരം ലഭിക്കും മുമ്പേ സ്ഥലമേറ്റെടുക്കലിന് റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നു. അവിടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരമൊരു അനുമതിയാണ് എസ്.എൻ കോളേജ് ഓവർബ്രിഡ്ജിന്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ മുൻഗണനാക്രമം നിശ്ചയിച്ച് ജി.എ.ഡി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ബി.ഡി.സി.കെയുമായി ഓൺലൈനായി ചർച്ച നടത്തുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, പതിറ്റാണ്ടുകൾ പഴക്കമുള്ള എസ്.എൻ കോളേജ് റെയിൽവേ മേൽപ്പാത്തിന്റെ കാര്യത്തിൽ മുൻഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.