പടിഞ്ഞാറേ കല്ലട: കാരാളിമുക്ക് കടപുഴ പി.ഡബ്ല്യു.ഡി റോഡിൽ കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്ന് പോകുന്നത്. ഉയരമുള്ള വാഹനങ്ങൾ എതിരേ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്ന സമയത്ത് മുകൾ ഭാഗം മരത്തിൽ ഇടിച്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിയ്ക്കുകയും കൂടാതെ വാഹനങ്ങളുടെ ഗ്ലാസുകൾ പൊട്ടി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്. രാത്രിയിൽ സ്ഥല പരിചയമില്ലാത്ത യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. അപകടകരമായി നിൽക്കുന്ന മരക്കൊമ്പ് മുറിച്ചു മാറ്റുവാനുള്ള നടപടി അധികൃതർ സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.