കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം തീരത്ത് കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പാപനാശനം ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലേക്ക്. കൊവിഡിന് മുമ്പ് എന്നപ്പോലെ ഒന്നേകാൽ ലക്ഷം പേരെങ്കിലും ഇവിടെ ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
27ന് അർദ്ധരാത്രി തുടങ്ങുന്ന ബലതർപ്പണ ചടങ്ങുകൾ 28ന് വൈകിട്ട് അഞ്ച് വരെ നീണ്ടുനിൽക്കും. തീരത്ത് കർമ്മങ്ങൾ ചെയ്യാൻ ഒരേ സമയം നൂറ് കണക്കിന് പേർക്ക് ഇരിക്കാൻ കഴിയുന്ന 40 ഓളം ഷെഡുകൾ ഉടൻ തയ്യാറാകും. ഇവിടെ 40 ഓളം കർമ്മികളും ഉണ്ടാകും. പട്ടത്താനം തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. ചടങ്ങുകൾക്ക് മുമ്പും ശേഷവും വസ്ത്രം മാറാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ ഉണ്ടാകും. ഇതിന് പുറമേ ഇരുപതിനായിരം ലിറ്റർ ശേഷിയുള്ള രണ്ട് താത്ക്കാലിക ശുദ്ധജല കുളങ്ങളുമുണ്ടാകും. ഇവിടേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും തീരത്തേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. വാഹനം പാർക്ക് ചെയ്യാനും വസ്ത്രങ്ങളും വിലപിടിപ്പുളള സാധനങ്ങൾ സൂക്ഷിക്കാനും പ്രത്യേക ക്രമീകരണമുണ്ടാകും. മുൻകാലങ്ങളിലേത് പോലെ വിപണനമേളയും ഒരുങ്ങുന്നുണ്ട്.
കർക്കടകവാവ് ദിനത്തിൽ പുലർച്ചെ മുതൽ ഇവിടേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസും സുരക്ഷയ്ക്കായി പൊലീസ്, ഫയർഫോഴ്സ് സംഘങ്ങളും എത്തും. കടലിലും തീരത്തും മറൈൻ എൻഫോഴ്സ് മെന്റിന് പുറമേ കടൽ രക്ഷാപ്രവർത്തനത്തിൽ വിദഗ്ദ്ധരായ പ്രദേശവാസികളുടെ വൻ സംഘവും ഉണ്ടാകും. ഇതിന് പുറമേ ആലോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളും അംബുലൻസ് സേവനവും ഉണ്ടാകും. ബലിതർപ്പണ ദിനത്തിൽ പാപനാശനം ഗുരുദേവ മന്ദിരത്തിൽ പ്രത്യേക പൂജകളുണ്ടാകും. തുമ്പറ ദേവീക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം ചെയ്യും.
കാൽലക്ഷം വൃക്ഷത്തൈകൾ
ബലിതർപ്പണത്തിന് എത്തുന്നവർക്ക് വിതരണം ചെയ്യാനായി വനം വകുപ്പ് സൗജന്യമായി നൽകിയ കാൽലക്ഷം വൃക്ഷത്തൈകൾ തീരത്ത് എത്തിച്ചു. മുൻ വർഷങ്ങളെക്കാൾ കൂടുതൽ ജനം ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്നും ചടങ്ങുകൾ ഭക്തിസാന്ദ്രമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും പാപനാശനം ഗുരുദേവമന്ദിരം കമ്മിറ്റി രക്ഷാധികാരികളായ കൊച്ചുണ്ണിയും എൽ. പ്രകാശും അറിയിച്ചു.